അബുദാബി : യു.എ.ഇയുടെ സ്ഥാപക പ്രസിഡന്റ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്‌യാന്റെ പേരിലുള്ള രാഷ്ട്രത്തിന്റെ പരമോന്നത സിവിൽ ബഹുമതിയായ ‘ഓർഡർ ഓഫ് സായിദ്’ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നൽകി. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാനാണ് മെഡൽ സമ്മാനിച്ചത്. അബുദാബി ഖസർ അൽ വത്വനിലാണ് ചടങ്ങ് നടന്നത്.യു.എ.ഇ പ്രസിഡന്റിന്റെ ഉത്തരവ് പ്രകാരം യു.എ.ഇയും വിവിധ രാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും ഉഭയ കക്ഷി സഹകരണവും ശക്തിപ്പെടുത്താൻ ശ്രമങ്ങൾ നടത്തുന്ന രാഷ്ട്രത്തലവൻമാരെയാണ് ഓർഡർ ഓഫ് സായിദ് നൽകി ആദരിക്കുന്നത്.യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് സ്ഥാപകനായ ഷെയ്ഖ് സായിദിന്റെ പേര് ആലേഖനം ചെയ്ത പതക്കം ആണ് മാലയോടു കൂടിയ വിശിഷ്ട സമ്മാനത്തിലെ പ്രധാനപ്പെട്ടത്. ശുദ്ധ സ്വർണ്ണംകൊണ്ട് നിർമിച്ച വിലയേറിയ കല്ലുകൾ പതിച്ച യു.എ.ഇ പതാകയും ചിഹ്നവും ആലേഖനം ചെയ്ത രണ്ടു മോതിരങ്ങൾ, രാജ്യത്തിന്റെ സുപ്രധാന ചരിത്ര സ്മാരകങ്ങൾ ആലേഖനം ചെയ്ത 14 മോതിരങ്ങൾ എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു.ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ ഥാനി തുടങ്ങിയ രാഷ്ട്ര തലവന്മാരെയും, ഫിഫ മുൻ പ്രസിഡന്റ് സെപ്പ് ബ്ലാറ്ററിനെയും സായിദ് മെഡൽ നൽകി ആദരിച്ചിട്ടുണ്ട്.