ദുബായ്: പൊതു ബസുകൾക്കും ടാക്സികൾക്കും മാത്രമായുള്ള പ്രത്യേക പാത വികസിപ്പിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. 13 കിലോമീറ്റർ ദൈർഘ്യമുള്ള ആറ് പുതിയ പാതകൾ കൂടി ചേർത്താണ് വികസനം നടപ്പാക്കുക. ഇത് പൂർത്തിയായാൽ യാത്രാ സമയം 41 ശതമാനം കുറയുകയും, ബസുകളുടെ സമയ കൃത്യത 42 ശതമാനം മെച്ചപ്പെടുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
ഇത് പൊതുഗതാഗത ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുകയും ഗതാഗത കുരുക്ക് ലഘൂകരിക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് ആർടിഎ എക്സിക്യൂട്ടിവ് ഡയറക്ടർ ബോർഡ് ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു. ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, ഡിസംബർ 2, അൽ സത്‍വ, അൽ നഹ്ദ, ഉമർ ബിൻ അൽ ഖത്താബ്, നായിഫ് എന്നീ ആറ് പ്രധാന തെരുവുകളിൽ ഈ ബസ്-ടാക്സി പ്രത്യേക പാതകൾ നിർമിക്കും. ഇതോടെ പ്രത്യേക പാതകളുടെ ആകെ നീളം 20 കിലോമീറ്ററാകും.
ഈ പാതകൾ സ്വകാര്യ വാഹന ഡ്രൈവർമാർ തെറ്റായി ഉപയോഗിക്കുന്നത് തടയാൻ പ്രത്യേക ചുവപ്പ് നിറം നൽകിയിട്ടുണ്ട്. ഈ പാതകളിൽ നിയമ വിരുദ്ധമായി വാഹനമോടിക്കുന്നവരിൽ നിന്ന് 600 ദിർഹം പിഴ ഈടാക്കും.ദുബായിൽ പ്രതിദിനം 1,390 ബസുകളിലായി ഏകദേശം 333,000 കിലോമീറ്റർ ദൂരത്തിൽ 11,000 യാത്രകൾ ആർടിഎ നടത്തുന്നുണ്ട്. 500,000ത്തിലധികം യാത്രക്കാരാണ് ഓരോ ദിവസവും ബസുകളിൽ യാത്ര ചെയ്യുന്നത്.2024ൽ പൊതു ബസ് ഉപയോക്താക്കളുടെ എണ്ണം 188 ദശലക്ഷം ആയി. 2023നെ അപേക്ഷിച്ച് 8 ശതമാനം വർധനയാണ് ഇക്കാര്യത്തിലുള്ളത്