ദുബായ്: ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) തങ്ങളുടെ ഔദ്യോഗിക മാധ്യമ വക്താക്കൾക്കായി സംഘടിപ്പിച്ച ‘മീഡിയ ഫോർസൈറ്റ് ആൻഡ് പ്രോആക്ടീവ് എൻഗേജ്‌മെന്റ്’ പരിശീലന പരിപാടി വിജയകരമായി പൂർത്തിയാക്കി. പരിശീലനം പൂർത്തിയാക്കിയ ഡയറക്ടർമാരുടെ മൂന്നാം ബാച്ചിനെ ആദരിക്കുന്ന ചടങ്ങ് കഴിഞ്ഞ ദിവസം പ്രധാന ഓഫീസിൽ നടന്നു. ജി.ഡി.ആർ.എഫ്.എ-ദുബായ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ, മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ ബിരുദധാരികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
മാധ്യമങ്ങളുമായി ഫലപ്രദമായി സംവദിക്കുന്നതിനും വിവരങ്ങൾ കൃത്യമായി കൈമാറുന്നതിനും ലക്ഷ്യമിട്ടാണ് ഈ പരിശീലനം സംഘടിപ്പിച്ചത്. പൊതുജനങ്ങളുമായി മികച്ച ബന്ധം സ്ഥാപിക്കുന്നതിനും സുതാര്യമായ ആശയവിനിമയം ഉറപ്പാക്കുന്നതിനും ഇത് സഹായിക്കുമെന്ന് മേജർ ജനറൽ ബിൻ സുറൂർ പറഞ്ഞു. വകുപ്പിന്റെ മാധ്യമ സാന്നിധ്യം ശക്തിപ്പെടുത്താനും സ്ഥാപനപരമായ പ്രതിച്ഛായ മെച്ചപ്പെടുത്താനും ഈ പരിപാടി നിർണായകമാണ്.സംവേദനത്തിന്റെ സ്വഭാവവും തരങ്ങളും, ഫലപ്രദമായ ഒരു വക്താവിന്റെ സവിശേഷതകൾ, മാധ്യമങ്ങളുമായി ഇടപഴകുന്നതിനുള്ള സാങ്കേതിക വിദ്യകൾ, പ്രതിസന്ധി ഘട്ടങ്ങളിലെ ആശയവിനിമയ കഴിവുകൾ, വ്യക്തവും സ്വാധീനം ചെലുത്തുന്നതുമായ സന്ദേശങ്ങൾ നൽകൽ എന്നിവ പരിശീലനത്തിൽ ഉൾപ്പെടുത്തിയിരുന്നു. യഥാർത്ഥ മാധ്യമ സാഹചര്യങ്ങൾ, മാധ്യമ അഭിമുഖങ്ങൾ തുടങ്ങിയ സംവേദനാത്മക പരിശീലന രീതികളാണ് ഇതിനായി ഉപയോഗിച്ചത്.

ജീവനക്കാരുടെ ആശയവിനിമയ ശേഷികൾ വർദ്ധിപ്പിക്കുന്നതിനും പ്രാദേശികമായും ആഗോളതലത്തിലും സ്ഥാപനത്തെ വിശ്വാസ്യതയോടെ പ്രതിനിധീകരിക്കാൻ കഴിവുള്ള മാധ്യമ പ്രൊഫഷണലുകളെ വാർത്തെടുക്കുന്നതിനും ഈ പരിപാടി സംഭാവന നൽകുമെന്ന് ഡയറക്ടറേറ്റ് അറിയിച്ചു.