ഷാർജ: മൃതദേഹങ്ങളുടെ എംബാമിങ്ങിനും അനുബന്ധ സേവനങ്ങൾക്കുമായി പുതിയ കേന്ദ്രം ഷാർജയിൽ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഷാർജ പൊലിസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ അബ്ദുല്ല മുബാറക് ബിൻ ആമിർ ഉദ്ഘാടനം നിർവഹിച്ചു. ഷാർജ ഇസ്‌ലാമിക് അഫയേഴ്‌സ് ഡിപാർട്മെന്റ് മേധാവി അബ്ദുല്ല യാറൂഫ് അൽ സബൂസി, ഇന്ത്യൻ-പാകിസ്ഥാൻ-ഫിലിപ്പീൻസ് രാജ്യങ്ങളുടെ നയതന്ത്രജ്ഞർ, സെന്റ് മൈക്കിൾസ് കാത്തലിക് ചർച്ച്, ഇന്ത്യൻ അസോസിയേഷൻ ഷാർജ എന്നിവയുടെ പ്രതിനിധികൾ, ഷാർജ ഭരണാധികാരിയുടെ കാര്യാലയ പ്രതിനിധി എഡ്വിൻ മരിയ, ക്ഷണിക്കപ്പെട്ട വിശിഷ്ട വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു. കേന്ദ്രത്തിന്റെ പ്രവർത്തനം 2024 ഫെബ്രുവരിയിൽ ആരംഭിച്ചിരുന്നുവെങ്കിലും, ഔപചാരിക ഉദ്ഘാടനമാണ് വിപുല ചടങ്ങിൽ നടന്നത്.ആഗോളീയമായി അംഗീകരിക്കപ്പെട്ട മാനുഷികവും സാങ്കേതികവുമായ മാനദണ്ഡങ്ങളിലൂടെ പൊതു സേവനങ്ങൾ മെച്ചപ്പെടുത്താനുള്ള ഷാർജ പൊലിസിന്റെ നിരന്തര പ്രതിബദ്ധതയുടെ ഭാഗമാണ് ഈ ആധുനിക കേന്ദ്രം. പോസ്റ്റ്‌മോർട്ടം സേവനങ്ങളിലെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതോടൊപ്പം, അംഗത്തിന്റെ വിയോഗം മൂലം കുടുംബങ്ങൾ അനുഭവിക്കുന്ന ആഴത്തിലുള്ള വൈകാരികതയ്ക്ക് ശമനം നൽകുക എന്നതും എംബാമിങ് കേന്ദ്രത്തിന്റെ പ്രധാന പ്രവർത്തന ലക്ഷ്യമാണ്.
യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശ പ്രകാരം, ഷാർജ കിരീടാവകാശിയും ഉപ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ പിന്തുണയോടെയാണ് ഈ പദ്ധതി നടപ്പിലാക്കിയതെന്ന് ഷാർജ പൊലിസിലെ ഫോറൻസിക്സ് ആൻഡ് ക്രിമിനൽ ലബോറട്ടറീസ് ഡിപാർട്മെന്റ് ഡയരക്ടർ ബ്രിഗേഡിയർ ജനറൽ നാജി അൽ ഹമ്മാദി പറഞ്ഞു.“ദുഃഖിതരായ കുടുംബങ്ങളുടെ മാനസിക ഭാരം ലഘൂകരിക്കാനും, സഹാനുഭൂതിയും അലിവും കാത്തുസൂക്ഷിച്ചു കൊണ്ട് അവർക്ക് മാന്യവും കാര്യക്ഷമവുമായ നടപടിക്രമങ്ങൾ നൽകാനും ഈ കേന്ദ്രം കൊണ്ടുദ്ദേശിക്കുന്നു” -ബ്രിഗേഡിയർ അൽ ഹമ്മാദി പറഞ്ഞു.ആവശ്യമായ രേഖകൾ സമർപ്പിച്ചു കഴിഞ്ഞാൽ മൂന്ന് മണിക്കൂറിനുള്ളിൽ എംബാമിംഗ് സേവനങ്ങൾ പൂർത്തിയാകുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യാന്തരമായ മികച്ച രീതികൾക്കനുസൃതമായി തയാറെടുപ്പ് മുതൽ ഗതാഗതം വരെയുള്ള ഓരോ ഘട്ടവും പ്രത്യേക സംഘം കൈകാര്യം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മൃതദേഹങ്ങൾ സൂക്ഷിക്കാനുള്ള മുറി, പ്രാർത്ഥനാ സ്ഥലങ്ങൾ, മൃതദേഹം വിമാനത്താവളത്തിലേക്ക് കൊണ്ടുപോകാൻ പ്രത്യേകം സജ്ജീകരിച്ച ആംബുലൻസ് എന്നിവ പുതിയ കേന്ദ്രത്തിൽ ഉൾപ്പെടുന്നു. എംബാമിംഗ് മുതൽ ഗതാഗതം വരെയുള്ള ഓരോ ഘട്ടവും അങ്ങേയറ്റം ആദരവോടെയും പ്രൊഫഷണലിസത്തോടെയും സൂക്ഷ്മ ശ്രദ്ധയോടെയും ഇവിടെ നിർവഹിക്കുന്നു.
കോൺസുൽമാരെയും പദ്ധതി നിർവഹണത്തിന് മുഖ്യ സംഭാവന നല്കിയവരെയും ചടങ്ങിൽ മേജർ ജനറൽ ബിൻ ആമിർ ആദരിച്ചു. കേന്ദ്രം യാഥാർഥ്യമാക്കുന്നതിൽ സഹകരിച്ചവർക്ക് അദ്ദേഹം പ്രത്യേകം നന്ദി രേഖപ്പെടുത്തി. കേന്ദ്രത്തിന്റെ പ്രോട്ടോക്കോളുകളെക്കുറിച്ചും അതിന്റെ വിപുലമായ സേവനങ്ങൾ സംബന്ധിച്ചും അതിഥികൾക്ക് ബന്ധപ്പെട്ടവർ വിശദീകരിച്ചു കൊടുത്തു.