ദുബായ് : സാംസ്കാരിക കൂട്ടായ്മയായ ഓർമയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി നായനാരുടെ അനുസ്‌മരണം സംഘടിപ്പിച്ചു . ഏറ്റവും കൂടുതൽ കാലം കേരളം ഭരിച്ച ഏറ്റവും പ്രഗത്ഭനായ മുഖ്യമന്ത്രി ആയിരുന്ന ഇ കെ നായനാരുടെ ദീർഘവീക്ഷണം കൊണ്ടാണ് എന്നീ കാണുന്ന നിലയിലേക്ക് കേരളത്തെ പ്രധാനമായും മാറ്റി തീർത്തത് എന്നും അതേ പാതയിലൂടെയാണ് പിണറായി വിജയൻ സർക്കാരും 9 വർഷമായി മുന്നേറുന്നത് എന്നും അനുസ്മരണ പ്രഭാഷണം നടത്തിയ സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ശിശുക്ഷേമ സമിതി എറണാകുളം ജില്ല വൈസ് പ്രസിഡണ്ടും ആയ അഡ്വ കെ എസ് അരുൺകുമാർ അഭിപ്രായപ്പെട്ടു . ആദ്യ ഇ എം എസ് സർക്കാർ മുതൽ ഇടതുപക്ഷം കേരളം ഭരിക്കുമ്പോൾ ആണ് ഏറ്റവും വിപ്ലവകരമായ മാറ്റങ്ങൾക്ക് കേരളം സാക്ഷ്യം വഹിച്ചത് എന്നും ജനകീയാസൂത്രണം , ടെക്നോപാർക്ക് , കുടുംബശ്രീ , സാക്ഷരതാ മിഷൻ എന്നിങ്ങനെ നിരവധി മാതൃകകൾ മുന്നോട്ട് വെച്ച നായനാർ സർക്കാരിന്റെ അതേ മാതൃക പിന്തുടർന്നാണ് പിണറായി വിജയൻ സർക്കാർ നവകേരളം ആക്കി കേരളത്തെ മാറ്റിയെടുക്കുന്നത് എന്നും കേരളത്തിലെ ഈ മാറ്റങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ സാധിക്കണം എന്നും പിന്നീട് സംസാരിച്ച സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ ജയൻ അഭിപ്രായപ്പെട്ടു . നായനാർ ജനഹൃദയങ്ങളിൽ നിറഞ്ഞു നിന്ന നേതാവായിരുന്നു എന്ന് പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ കെ കുഞ്ഞഹമ്മദ് അഭിപ്രായപ്പെട്ടു . നായനാരുടെ അന്ത്യയാത്ര അനുഭവങ്ങളും അദ്ദേഹം പങ്ക് വെച്ചു . ഓർമ പ്രസിഡന്റ് ഷിഹാബ് പെരിങ്ങോട് അധ്യക്ഷത വഹിച്ച അനുസ്മരണ യോഗത്തിൽട്രഷറർ ഇ കെ നായനാർ അനുസ്‌മരണ കുറിപ്പ് വായിച്ചു. യോഗത്തിന് ഓർമ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ സ്വാഗതവും ഐ ടി കൺവീനർ അശ്വതി നന്ദി രേഖപ്പെടുത്തി