അബുദാബി: ജീവിതത്തിൽ ചലന ശേഷി നഷ്ടപ്പെട്ടവർക്ക് 9.2 കോടി രൂപയുടെ അധ്യാധുനിക കൃത്രിമ അവയവ ചികിത്സാ സഹായം പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപക ചെയർമാൻ ഡോ. ഷംഷീർ വയലിൽ. ഗ്രൂപ്പിന് കീഴിലുള്ള ബുർജീൽ മെഡിക്കൽ സിറ്റിയിൽ പുതിയതായി ആരംഭിച്ച അൽ മുദിരിസ് ഓസിയോ ഇന്‍റഗ്രേഷൻ ക്ലിനിക്കിന്‍റെ ഉദ്‌ഘാടന വേളയിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന തെരഞ്ഞെടുക്കപ്പെട്ട 10 പേർക്ക് ഈ പദ്ധതിയിലൂടെ അതിനൂതന ഓസിയോ ഇന്‍റഗ്രേറ്റഡ് പ്രോസ്തെറ്റിക് ലിംബ് ചികിത്സ സൗജന്യമായി നൽകും. ഓസിയോ ഇന്‍റഗ്രേഷന് ശസ്ത്രക്രിയകളിൽ വിദഗ്ദ്ധനായ ലോകപ്രശസ്ത ഓർത്തോപീഡിക് സർജൻ പ്രൊഫ. ഡോ. മുൻജിദ് അൽ മുദിരിസ് സർജറികൾ നടത്തും.യുഎഇ ‘ഇയർ ഓഫ് കമ്മ്യൂണിറ്റി’ ആഘോഷിക്കുന്ന വേളയിൽ സമൂഹത്തിൽ ആവശ്യമുള്ളവർക്ക് സഹായം എത്തിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണെന്നും പുതിയ ക്ലിനിക്കിലൂടെ ഇത്തരം നിരവധി സർജറികൾ നടത്താനാണ് ലക്ഷ്യമെന്നും ഡോ. ഷംഷീർ പറഞ്ഞു.
വിനാശകരമായ ഭൂകമ്പത്തെ തുടർന്ന് സങ്കീർണ ചികിത്സക്കായി സിറിയയിൽ നിന്ന് ബിഎംസിയിൽ എത്തിച്ച ഷാമിന്‍റെയും അവളുടെ മൂത്ത സഹോദരൻ ഒമറിന്‍റെയും അനുഭവമാണ് പുതിയ സെന്‍റർ തുടങ്ങാൻ ഡോ. ഷംഷീറിന് പ്രചോദനമേകിയത്. ഭൂകമ്പാവശിഷ്ടങ്ങളുടെ അടിയിൽ പെട്ട് കൈകാലുകൾ നഷ്ടപ്പെട്ട സഹോദരങ്ങളെ യുഎഇ രാഷ്ട്ര മാതാവും എമിറേറ്റ്സ് റെഡ് ക്രസന്‍റിന്‍റെ ഓണററി പ്രസിഡന്‍റുമായ ഷെയ്ഖ് ഫാത്തിമ ബിൻത് മുബാറക്കിന്‍റെ നിർദ്ദേശ പ്രകാരമായിരുന്നു യുഎഇയിലേക്ക് കൊണ്ടു വന്നത്. ബിഎംസി യിലെ സങ്കീർണ ശസ്ത്രക്രിയകളുടെയും പുനരധിവാസത്തിന്‍റെയും ഫലമായി സഹോദരങ്ങൾ ജീവിതം തിരിച്ചുപിടിച്ചു.
ഓസിയോ ഇന്‍റഗ്രേറ്റഡ് പ്രോസ്തെറ്റിക് ലിംബ് പ്രക്രിയ യുഎഇ യിൽ അവതരിപ്പിക്കുന്നതിലൂടെ അതിനൂതന കൃത്രിമ അവയവം ലഭ്യമാക്കുക മാത്രമല്ല, അത് ആവശ്യക്കാർക്ക് വേഗത്തിൽ എത്തിക്കുക കൂടിയാണ് ലക്ഷ്യമിടുന്നത്. സോക്കറ്റുമായി കൃതിമ അവയവങ്ങൾ ബന്ധിപ്പിക്കുന്ന പരമ്പരാഗത രീതിക്ക് പകരം ടൈറ്റാനിയം ഇംപ്ലാന്‍റ് ഉപയോഗിച്ച് രോഗിയുടെ അസ്ഥിയിൽ നേരിട്ട് ഒരു കൃത്രിമ അവയവം ഘടിപ്പിക്കുന്ന പ്രക്രിയയാണിത്.
അസ്ഥിയും ചർമവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനാൽ സ്വാഭാവിക അവയവത്തിന്‍റെ ചലനങ്ങൾ ലഭ്യമാക്കാനും പരമ്പരാഗത കൃത്രിമ അവയവങ്ങളുടെ പരിമിതികളായ അസ്വസ്ഥത, ചർമരോഗങ്ങൾ, സന്ധി സങ്കീർണതകൾ എന്നിവ ഇല്ലാതാക്കാനും സാധിക്കും. ഇറാഖിൽ നിന്ന് അഭയാർഥിയായി പലായനം ചെയ്ത് ലോകം ബഹുമാനിക്കുന്ന സർജനായി മാറിയ പ്രൊഫ. ഡോ. അൽ മുദിരിസാണ് ഈ ചികിത്സക്ക് നേതൃത്വം നൽകുന്നത്.