ദുബായ് : യു.എ.ഇയിൽ നിക്ഷേപങ്ങൾ, വ്യാപാരം അല്ലെങ്കിൽ സാമ്പത്തിക ഉപദേശം എന്നിവയിൽ ഉള്ളടക്കം സൃഷ്ടിക്കുന്ന ‘ഫിൻഫ്ലുൻസർ’മാർക്ക് ലൈസൻസിനായി ഇപ്പോൾ അപേക്ഷിക്കാം. സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റി (എസ്.സി.എ) അടുത്തിടെയാണ് ഫിൻഫ്ലുവൻസർ ലൈസൻസ് ആരംഭിച്ചത്. ഇത് മേഖലയിലെ ഇത്തരത്തിലുള്ള ആദ്യത്തേതാണ്.സോഷ്യൽ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെ സാമ്പത്തിക ഉള്ളടക്കത്തിന്റെ വളർന്നു വരുന്ന ലോകത്തേക്ക് കൂടുതൽ സുതാര്യത, വിശ്വാസം, നിയന്ത്രണം എന്നിവ കൊണ്ടുവരിക എന്നതാണ് ഫിൻഫ്ലുവൻസറിന്റെ ലക്ഷ്യം.സോഷ്യൽ പ്ലാറ്റ്‌ഫോമുകളോ ഇവന്റുകളോ ഉൾപ്പെടെ ഏതെങ്കിലും മാധ്യമങ്ങളിലൂടെ സാമ്പത്തിക/ നിക്ഷേപ ഉപദേശം പങ്കിടുന്ന ഏതൊരാൾക്കും ഇനി എസ്.സി.എയുടെ ലൈസൻസ് ഉണ്ടായിരിക്കണം.ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലുടനീളം നിക്ഷേപ വിശകലനം, ശുപാർശകൾ, സാമ്പത്തിക പ്രമോഷനുകൾ എന്നിവ വാഗ്ദാനം ചെയ്യുന്ന വ്യക്തികൾക്കായി ഈ പുതിയ സംരംഭം വ്യക്തമായ നിയമങ്ങൾ സ്ഥാപിക്കും. നിക്ഷേപകരെ സംരക്ഷിക്കാനും, ഓൺലൈനിൽ പങ്കിടുന്ന സാമ്പത്തിക വിവരങ്ങൾ കൃത്യവും ഉത്തരവാദിത്തപൂർണവും, നിയമപരവുമായി സാധുവാണെന്ന് ഉറപ്പാക്കാനുമുള്ള വിശാല നീക്കത്തിന്റെ ഭാഗമായാണിത്.ഉള്ളടക്ക സ്രഷ്ടാക്കൾക്ക് കാര്യങ്ങൾ എളുപ്പമാക്കുന്നതിന്, അടുത്ത മൂന്ന് വർഷത്തേക്ക് തങ്ങളുടെ സേവനവുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ, പുതുക്കൽ, നിയമ കൺസൾട്ടേഷൻ ഫീസ് എന്നിവ എസ്.സി.എ ഒഴിവാക്കിയിട്ടുണ്ട്. ഇത് സർക്കാർ ബ്യൂറോക്രസിയെ വെട്ടിക്കുറയ്ക്കുകയും ശക്തമായ നിയമ, നിയന്ത്രണ ചട്ടക്കൂടിനുള്ളിൽ സാമ്പത്തിക നവീകരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് എസ്.സി.എ സി.ഇ.ഒ വലീദ് സഈദ് അൽ അവാദി പറഞ്ഞു. ലൈസൻസിനെ ഒരു നിയന്ത്രണം എന്നതിലുപരിയായാണ് തങ്ങൾ കാണുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.”ഡിജിറ്റൽ സമ്പദ് വ്യവസ്ഥയിൽ റെഗുലേറ്റർമാർ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെ പുനർരൂപകൽപ്പന ചെയ്യാനുള്ള തന്ത്രപരമായ ചുവടുവയ്പ്പാണിത്” -അദ്ദേഹം കൂട്ടിച്ചേർത്തു.