ദുബായ് :അൽ കൂസ് പ്രദേശത്തെ റോഡ്, അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ അവതരിപ്പിക്കുകയും പൊതുജന അഭിപ്രായങ്ങൾ ശേഖരിക്കുകയും ചെയ്യുന്നതിനായി ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) താമസക്കാരുമായി ചർച്ച നടത്തി.പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസിയുടെ സിഇഒയും കസ്റ്റമേഴ്സ് കൗൺസിലിന്റെ ഫസ്റ്റ് വൈസ് ചെയർമാനുമായ അഹമ്മദ് ബഹ്റോസിയാൻ യോഗത്തിന് നേതൃത്വം നൽകി. ഫസ്റ്റ് അൽ ഖൈൽ റോഡ്, ലതീഫ ബിൻത് ഹംദാൻ സ്ട്രീറ്റ് എന്നിവയിൽ നടന്നു കൊണ്ടിരിക്കുന്ന വികസനപ്രവർത്തനങ്ങളോടൊപ്പം അൽ മെയ്ദാൻ, ഉംസുകൈം, അൽ മറബിയാ’ റോഡുകളിലെ മുന്നോട്ടുള്ള പദ്ധതികളും ചർച്ചയായി.അൽ കൂസ് 1, 3 മേഖലകളിലെ റോഡ് പെയ്വിംഗ്, ലൈറ്റിംഗ്, പാർക്കിംഗ്, കാൽനട യാത്രക്കാരുടെ സുരക്ഷ തുടങ്ങിയ പ്രശ്നങ്ങളിൽ നിവാസികൾ അഭിപ്രായങ്ങൾ പങ്കുവച്ചു. ആർടിഎയുടെ ഉന്നത ഉദ്യോഗസ്ഥരായ ഹുസൈൻ അൽ ബന്നയും മീറ അഹ്മദ് അൽ ഷെയ്ഖും, സമൂഹ അടിസ്ഥാനത്തിലുള്ള വികസനത്തോടുള്ള അതോറിറ്റിയുടെ പ്രതിബദ്ധത ആവർത്തിച്ചു.ദുബായിലെ നഗര ഗതാഗതം മെച്ചപ്പെടുത്താനും അടിസ്ഥാനസൗകര്യങ്ങൾ വിപുലീകരിക്കാനുമുള്ള ആർടിഎയുടെ ദീർഘകാല പദ്ധതിയുടെ ഭാഗമായി, സമൂഹങ്ങളുമായി നേരിട്ട് സംവദിക്കുന്നതിന്റെ ആവശ്യകത ഒന്നുകൂടി ശക്തിപ്പെടുത്തുന്നതായിരുന്നു ചർച്ച.