ദുബായ്: ദുബായിലെ എല്ലാ വാഹന പരിശോധനാ കേന്ദ്രങ്ങളിലും അപ്പോയിന്‍റ്മെന്‍റ് ബുക്കിംഗ് സംവിധാനം വിപുലീകരിക്കാൻ ആർടിഎ തീരുമാനം. അൽ ഖിസൈസ് അൽ ബർഷ സെന്‍ററുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ ബുക്കിങ്ങ് സമ്പ്രദായം വിജയകരമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.‘ആർടിഎ ദുബായ്’ ആപ്പിലും www.rta.ae എന്ന വെബ്‌സൈറ്റിലും വാഹന പരിശോധനക്ക് അപ്പോയിന്‍റ്മെന്‍റ് ബുക്ക് ചെയ്യാം. 2025 ജൂൺ 2 മുതൽ എമിറേറ്റിലുടനീളമുള്ള സാങ്കേതിക പരിശോധനാ കേന്ദ്രങ്ങളിലെ എല്ലാ വാഹന പരിശോധനകൾക്കും ബുക്കിംഗ് നിർബന്ധമായിരിക്കും. അപ്പോയിന്‍റ്മെന്‍റ് ഇല്ലാതെ വാഹന പരിശോധന നടത്തണമെങ്കിൽ 100 ദിർഹം അധികം നൽകേണ്ടി വരും.
വാസൽ അൽ അറേബ്യൻ സെന്റർ & നാദ് അൽ ഹമർ, ഷാമിൽ അൽ അദിദ്, അൽ മുഹൈസ്‌ന, നാദ് അൽ ഹമർ, അൽ മുമായാസ് വെഹിക്കിൾ ടെസ്റ്റിംഗ് അൽ മിസാർ, തസ്ജീൽ അൽ തവാർ, അൽ മൻഖൂൾ എന്നീ കേന്ദ്രങ്ങളിൽ ബുക്കിംഗ് അപ്പോയിന്റ്മെന്റുകൾ വഴിയുള്ള സാങ്കേതിക പരിശോധന സേവനങ്ങൾ ലഭ്യമാണ്.ഈ കേന്ദ്രങ്ങളിൽ വാക്ക്-ഇൻ സേവനം ഉണ്ടാവില്ല.ഈ വിപുലീകരണത്തിലൂടെ സേവനത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്താനും വാഹന പരിശോധനകൾക്കുള്ള കാത്തിരിപ്പ് സമയം കുറക്കാനും ഉപയോക്തൃ സംതൃപ്തി ഉയർത്താനുമാണ് ലക്ഷ്യമിടുന്നതെന്ന് ആർടിഎ വ്യക്തമാക്കി.

അൽ ഖിസൈസ്, അൽ ബർഷ കേന്ദ്രങ്ങളിൽ വാഹന പരിശോധനക്ക് ബുക്കിംഗ് ഏർപ്പെടുത്തിയതോടെ ഉപയോക്താക്കളുടെ കാത്തിരിപ്പ് സമയത്തിൽ ഏകദേശം 46% കുറവുണ്ടായി.