അബുദാബി: അബുദാബി നാഷണൽ ഓയിൽ കമ്പനി (അഡ്നോക്ക്) അൽ ദഫ്റയിലെ ദാസ് ദ്വീപിൽ പുതുതായി തുടങ്ങുന്ന ദാസ് ആശുപത്രിയുടെ നടത്തിപ്പ് ചുമതല മലയാളി സംരംഭകൻ ഡോ. ഷംഷീർ വയലിൽ ചെയർമാനായ ബുർജീൽ ഹോൾഡിങ്‌സിന് ലഭിച്ചു.ആശുപത്രിയുടെ ക്ലിനിക്കൽ, അഡ്മിനിസ്ട്രേറ്റീവ് പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനായുള്ള കരാറിൽ അഡ്നോക്കും ബുർജീൽ ഹോൾഡിങ്‌സും ഒപ്പുവച്ചു. ദ്വീപ് നിവാസികൾ, അഡ്നോക്ക് തൊഴിലാളികൾ എന്നിവർക്ക് പ്രാഥമിക ആരോഗ്യ സംരക്ഷണവും അടിയന്തര ചികിത്സയും നൽകുക എന്ന ലക്ഷ്യത്തോടെ തുടങ്ങുന്ന ആശുപത്രി 24 മണിക്കൂറും പ്രവർത്തിക്കും.നൂതന രോഗനിർണയ രീതികൾ, കിടത്തി ചികിത്സാ സൗകര്യം, ശസ്ത്രക്രിയ എന്നിവ പുതിയ ആശുപത്രിയിൽ ലഭ്യമാണ്. സമഗ്രമായ ഔട്ട്പേഷ്യന്‍റ് സേവനങ്ങൾ, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ക്വാറന്‍റൈൻ, ക്രിട്ടിക്കൽ കെയർ യൂണിറ്റുകൾ എന്നിവ ഉൾപ്പെടെ കിടത്തി ചികിത്സക്കായി 23 കിടക്കകൾ സജ്ജീകരിച്ചിട്ടുണ്ട്. ഓപ്പറേഷൻ റൂം, ഫാർമസികൾ, രക്തബാങ്ക് തുടങ്ങി എല്ലാവിധ സജ്ജീകരണങ്ങളുമുള്ള അത്യാഹിത വിഭാഗവുമുണ്ട്.ഇതോടൊപ്പം, എക്സ്-റേ, സിടി സ്കാൻ, അൾട്രാസൗണ്ട് ഇമേജിങ് , ഫിസിയോതെറാപ്പി, പുനരധിവാസം, ടെലി-കൺസൾട്ടേഷൻ, ടെലി-കൗൺസിലിങ്, വാക്സിനേഷൻ എന്നിവയും ലഭ്യമാണ്. ദാസ് ദ്വീപിൽ നിന്നും കൂടുതൽ ചികിത്സയ്ക്കായി രോഗികളെ കൊണ്ട് പോകുന്നതിനുള്ള ഹെലിപാഡും ആശുപത്രിയിൽ സജ്ജീകരിച്ചിട്ടുണ്ട്.
ഉയർന്ന നിലവാരമുള്ള ആരോഗ്യ പരിചരണം വിദൂര സ്ഥലങ്ങളിൽ പ്രാപ്യമാക്കുന്നതിനുള്ള ബുർജീലിന്‍റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ പങ്കാളിത്തമെന്ന് ബുർജീൽ ഹോൾഡിങ്‌സ് ഗ്രൂപ്പ് സി ഇ ഒ ജോൺ സുനിൽ പറഞ്ഞു. നിലവിൽ അഡ്നോക്കിന്‍റെ അൽ ദഫ്റയിലുള്ള അൽ ദന ഹോസ്പിറ്റൽ ബുർജീലിനു കീഴിലാണ് പ്രവർത്തിക്കുന്നത്.