ദുബായ്: ബലിപെരുന്നാൾ അവധി ദിനത്തിൽ ദുബായിലുണ്ടായ സ്കൂബ അപകടത്തിൽ മരിച്ച മലയാളി യുവ എഞ്ചിനീയർ ഐസക് പോളിന്റെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം രണ്ട് ദിവസത്തിനകം നാട്ടിലേക്ക് കൊണ്ടുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.തൃശൂർ വടക്കാഞ്ചേരി വേലൂർ ഒലെക്കേങ്കിൽ വീട്ടിൽ പോൾ-ഷീജ ദമ്പതികളുടെ മകനാണ്. വെള്ളിയാഴ്ച രാവിലെ ദുബായ് ജുമൈറ ബീച്ചില്‍ നടത്തിയ സ്‌കൂബ ഡൈവിങ്ങിനിടെയാണ് ഐസക് പോളും സംഘവും അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ സഹോദരൻ ഐവിൻ അപകട നില തരണം ചെയ്തുവെന്നാണ് ബന്ധുക്കൾ അറിയിച്ചത്.ഇദ്ദേഹം ഇന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി.കൂടെയുണ്ടായിരുന്ന ഭാര്യ രേഷ്മ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ദുബായ് അലെക് എൻജീനിയറിങ് കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു ഐസക് പോൾ. ഭാര്യ രേഷ്മയും എൻജിനീയറാണ്.കടൽ, തടാകം പോലുള്ള ജലാശയങ്ങളിൽ ഉപരിതലത്തിൽ നിന്ന് വെള്ളത്തിനടിയിലേക്ക് നടത്തുന്ന ആഡംബര സാഹസിക കായികവിനോദമാണ് സ്കൂബ ഡൈവിങ്. അത്യന്തം ശ്രദ്ധയും പരിശീലനവും ആവശ്യമായ വിനോദമാണിത്. മൂന്ന് പേർക്കും സ്കൂബ ഡൈവിങ്ങിന് മുൻപ് സ്വിമ്മിങ് പൂളിൽ പരിശീലനം ലഭിച്ചിരുന്നു. ഓക്സിജൻ ലഭിക്കാതെ ഐസക്കിന് ഹൃദയാഘാതം സംഭവിച്ചുവെന്നാണ് റിപോർട്ടുകൾ.