ഷാർജ: യു.എ.ഇയുടെ ആതിഥ്യമര്യാദ, സാമൂഹിക–സാംസ്കാരിക ബന്ധങ്ങൾ എന്നിവയുടെ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്ന ഉത്സവ ആഘോഷങ്ങളോടെ ഷാർജ രാജ്യാന്തര വിമാനത്താവളം ഈദ് അൽ അദ്ഹയെ ആഘോഷിച്ചു വരുന്നു.ഈദ് അവധിക്കാലത്ത് എത്തുന്ന യാത്രക്കാരെ പുഞ്ചിരിച്ച്, പൂക്കൾ നൽകി, ആശംസ നേർന്ന്, പരമ്പരാഗത മധുര പലഹാരങ്ങളും അനുസ്മരണ സുവനീറുകളും സമ്മാനിച്ചാണ് സ്വാഗതം ചെയ്യുന്നത്. ടെർമിനലുകളിലുടനീളം സന്തോഷകരവും സ്വാഗതാർഹവുമായ അന്തരീക്ഷമാണ് ഇത് നിലനിർത്തുന്നത് -പ്രത്യേകിച്ചും, ഈദ് പോലുള്ള സുപ്രധാന അവസരങ്ങളിൽ.യാത്രയുടെ വൈകാരികവും സാംസ്കാരികവുമായ മാനങ്ങൾ വർധിപ്പിക്കാനുള്ള തുടർ തന്ത്രത്തിന്റെ ഭാഗമാണ് ഈ സംരംഭങ്ങളെന്ന് ഷാർജ വിമാനത്താവള അതോറിറ്റി അറിയിച്ചു. ഐക്യത്തിലും പരസ്പര ബഹുമാനത്തിലും സംസ്കാരങ്ങൾ ഒത്തുചേരുന്ന ഇടമായി വിമാനത്താവളത്തെ സ്ഥാപിക്കുക എന്നതാണ് ലക്ഷ്യം.സുഗമവും കാര്യക്ഷമവുമായ പ്രവർത്തനങ്ങളാണ് ഈദ് അൽ അദ്ഹ കാലയളവിലുടനീളം വിമാനത്താവളം നിലനിർത്തുന്നത്. തന്ത്രപരമായ പങ്കാളികളുമായി അടുത്ത ഏകോപനത്തോടെ ഗുണനിലവാരത്തിന്റെയും സേവന മികവിന്റെയും ഉയർന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സുരക്ഷിതവും തടസ്സമില്ലാത്തതുമായ യാത്രാനുഭവം വിമാനത്താവളം പ്രദാനം ചെയ്യുന്നു.