ദുബായ്: ബ്രാൻഡ് ഫിനാൻസ് പുറത്തിറക്കിയ ഇൻസ്റ്റിറ്റ്യൂഷണൽ ബ്രാൻഡ് വാല്യു ഇൻഡക്സിൽ ദുബായ് പോലീസ് ഒന്നാം സ്ഥാനം നേടി. അന്തിമ വിശകലനത്തിൽ ദുബായ് പോലീസ് സേനക്ക് AAA+ റേറ്റിംഗും 10 ൽ 9.2 സ്‌കോറും ലഭിച്ചു. 10 രാജ്യങ്ങളിലായി നടത്തിയ സമഗ്ര താരതമ്യ പഠനത്തിന്റെയും 8,000-ത്തിലധികം പങ്കാളിത്ത സ്ഥാപനങ്ങളിൽ നിന്നും ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ലോകത്തിലെ ഏറ്റവും ശക്തമായ പോലീസ് ബ്രാൻഡായി ദുബായ് പോലീസിനെ തിരഞ്ഞെടുത്തത്.ധാർമ്മികത, പ്രവർത്തന കാര്യക്ഷമത, സുതാര്യത, നവീകരണം എന്നിവയുൾപ്പെടെയുള്ള എല്ലാ മേഖലകളിലും അസാധാരണമായ മികവാണ് ദുബായ് പോലീസ് കാണിച്ചത്.11 മാനദണ്ഡങ്ങളിലും ദുബായ് പോലീസ് മുൻനിര ആഗോള പോലീസ് സേനകളെ മറികടന്നു. എല്ലാ വ്യക്തികളോടും ന്യായമായ പെരുമാറ്റം (57 ശതമാനം), പ്രതിബദ്ധതയും സമഗ്രതയും (60 ശതമാനം), സുരക്ഷയും സുരക്ഷാ ഉറപ്പും (67 ശതമാനം), ധാർമ്മിക പെരുമാറ്റം (59 ശതമാനം), പ്രൊഫഷണൽ ഇടപെടൽ (62 ശതമാനം), ഫലപ്രദമായ കർത്തവ്യനിർവഹണം (64 ശതമാനം), സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ പോസിറ്റീവ് സാന്നിധ്യം (57 ശതമാനം), സുതാര്യവും ഫലപ്രദവുമായ ആശയവിനിമയം (51 ശതമാനം), കുറ്റകൃത്യങ്ങൾ തടയുന്നതിലെ പ്രാവീണ്യം (54 ശതമാനം), ആധുനികതയും പുരോഗമന വികസനവും (54 ശതമാനം), പ്രവർത്തന മേഖലകളിലെ ശക്തമായ സാന്നിധ്യം (63 ശതമാനം) തുടങ്ങിയ പ്രധാന മേഖലകളിൽ ആഗോള ശരാശരിയേക്കാൾ വളരെ ഉയർന്ന സ്കോറുകളാണ് ദുബായ് പോലീസ് നേടിയത്.

ഈ ആഗോള നേട്ടം സ്വന്തമാക്കാൻ മാർഗ നിർദേശം നൽകിയ യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനും അഗാധമായ നന്ദി അറിയിയിക്കുന്നതായി ദുബായ് പോലീസ് കമാൻഡർ-ഇൻ-ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി പറഞ്ഞു.. “ദുബായ് പോലീസ് ഒരു നിയമ നിർവ്വഹണ സ്ഥാപനം എന്നതിലുപരി സുരക്ഷിതവും വികസിതവും സുസ്ഥിരവുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിൽ തന്ത്രപരമായ പങ്ക് വഹിക്കുന്ന സംവിധാനം കൂടിയാണ് ,” അദ്ദേഹം കൂട്ടിച്ചേർത്തു.സ്മാർട്ട് പോലീസ് സ്റ്റേഷനുകൾ (എസ്പിഎസ്), യുഎഇ സ്വാറ്റ് ചലഞ്ച്, കമ്മ്യൂണിറ്റി ഇടപെടൽ ഇവന്റുകൾ, ഇ-സ്പോർട്സ് ടൂർണമെന്റുകൾ, ‘ഇസാദ്’ പ്രോഗ്രാം എന്നിവയുൾപ്പെടെയുള്ള സേനയുടെ നവീന സംരംഭങ്ങൾ ഈ നേട്ടം കൈവരിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും അൽ മർറി ചൂണ്ടിക്കാട്ടി.
ദുബായ് പോലീസിന് മികച്ച റാങ്കിംഗ് ലഭിച്ചതിൽ ബ്രാൻഡ് ഫിനാൻസ് ചെയർമാനും സിഇഒയുമായ ഡേവിഡ് ഹെയ്ഗ് അഭിനന്ദനം അറിയിച്ചു.