ദുബായ് ∙ ബലി പെരുന്നാളവധിക്ക് ശേഷം വിദ്യാലയങ്ങൾ തുറന്ന ഇന്നലെ(9)യുണ്ടായ സ്കൂൾ ബസ് അപകടത്തിൽ 13 വിദ്യാർഥികൾക്കും ഒരു അധ്യാപകനും പരുക്കേറ്റു. സ്കൂൾ വിട്ട് മടങ്ങുമ്പോൾ വൈകിട്ട് മൂന്നോടെ ദുബായ് ദേശീയ പാത ഇ311-ൽ അജ്മാനിഷ നിന്ന് ഷാർജയിലേക്കുള്ള ദിശയിൽ രണ്ടുസ്കൂൾ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. 6 മുതൽ 12 വയസ്സുവരെയുള്ളവരാണ് പരുക്കേറ്റ കുട്ടികൾ. ഇവരെല്ലാം പാക്കിസ്ഥാൻ സ്വദേശികളാണ്. അപകടത്തെക്കുറിച്ച് 3.11ന് ദേശീയ ആംബുലൻസിന് വിവരം ലഭിച്ചതായി അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനം ആരംഭിക്കാൻ 13 മിനിറ്റിനുള്ളിൽ എമർജൻസി മെഡിക്കൽ ടീം സ്ഥലത്തെത്തി പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് പേരെ ഷാർജ അൽ ഖാസിമി ആശുപത്രിയിലും മറ്റുള്ളവരെ അജ്മാൻ ഖലീഫ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. അൽ ഖാസമി ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ പിന്നീട്ആശുപത്രി വിട്ടു. കഴിഞ്ഞ ഫെബ്രുവരിയിൽ സ്‌കൂൾ ബസ് അപകടത്തിൽ മൂന്ന് വിദ്യാർഥികൾക്കും രണ്ട് സൂപ്പർവൈസർമാർക്കും പരുക്കേറ്റിരുന്നു. അതേസമയം, ഓഗസ്റ്റിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ഒരു ട്രാൻസ്‌പോർട്ട് വാഹനം അപകടത്തിൽപ്പെട്ട് ഏഴ് വയസ്സുകാരൻ മരിക്കുകയും 11 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
യുഎഇ അധികൃതർ റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി കർശന നിയമങ്ങൾ നടപ്പിലാക്കുന്നു. ഗുരുതരയമലംഘനങ്ങൾക്ക് 2 ലക്ഷം ദിർഹം വരെ പിഴ ഏർപ്പെടുത്തിയിട്ടുണ്ട്. ഡ്രൈവർമാർക്ക് നിർബന്ധമായും പ്രത്യേക പരിശീലനം നൽകേണ്ടത് ദുബായിലെ സ്കൂൾ ബസ് ഓപറേറ്റർമാർക്കും ട്രാൻസ്‌പോർട്ട് കമ്പനികൾക്കും ബാധകമാണ്. ഷാർജയിൽ 2,000 ലേറെ സ്കൂൾ ബസുകളിൽ സുരക്ഷാ ക്യാമറകളും മറ്റ് ഉപകരണങ്ങളും സ്ഥാപിച്ചിട്ടുണ്ട്. രക്ഷിതാക്കൾക്ക് കുട്ടികളുടെ യാത്ര നേരിട്ട് നിരീക്ഷിക്കാനും ഇതുവഴി കഴിയുന്നു.