അഹമ്മദാബാദ് :രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരണം 265. അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ 265 മൃതദേഹങ്ങളാണ് എത്തിച്ചതെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. 241 യാത്രക്കാരാണ് മരിച്ചത്. ആരെ ഒരേയൊരാള്‍ മാത്രമേ വിമാന ദുരന്തത്തെ അതിജീവിച്ചുളളൂ. 290 പേര്‍ മരിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വിമാനത്തിലെ യാത്രക്കാര്‍ക്ക് പുറമേ 24 പേര് മരിച്ചെന്നാണ് വിവരം. എയര്‍ ഇന്ത്യ വിമാനം ഇടിച്ചുകയറി അഹമ്മദാബാദിലെ ബിജെ മെഡിക്കല്‍ കോളജിലെ നിരവധി വിദ്യാര്‍ഥികള്‍ മരിച്ചെന്നാണ് വിവരം. നിരവധി പേര്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ്. മരണ നിരക്ക് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ഹോസ്റ്റല്‍ അധികൃതര്‍ ട്വന്റിഫോറിനോട് പറഞ്ഞു. വിമാനത്തിന്റെ രണ്ട് എഞ്ചിനുകളും ഒരുപോലെ തകരാറിലായതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു വിമാനത്തിന്റെ ബ്ലാക് ബോക്‌സ് വീണ്ടെടുത്ത് പരിശോധനകള്‍ നടത്തിവരികയാണ്. അപകടത്തില്‍ പ്രദേശവാസികളും മരിച്ചതായി സൂചനയുണ്ട്.

വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരന്‍ മാത്രമാണ് പരുക്കുകളോടെ രക്ഷപ്പെട്ടത്. 40 വയസുകാരനായ വിശ്വാസ് കുമാര്‍ രമേശ് എന്നയാളാണ് എമര്‍ജന്‍സി എക്‌സിറ്റ് വഴി അത്ഭുതകരമായി രക്ഷപ്പെട്ടത്. പരുക്കുകളോടെ അദ്ദേഹം സിവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരികയാണ്. സഹോദരന്‍ അജയ് കുമാര്‍ രമേശും വിശ്വാസിനൊപ്പം ഈ വിമാനത്തിലുണ്ടായിരുന്നു. വിശ്വാസ് ബ്രിട്ടീഷ് പൗരനാണ്.

മഹാദുരന്തത്തെ അതിജീവിച്ച് എമര്‍ജന്‍സി എക്‌സിറ്റിലൂടെ പുറത്തിറങ്ങി നടന്നുവരുന്ന വിശ്വാസിന്റെ വിഡിയോയും പുറത്തെത്തിയിട്ടുണ്ട്. ‘ടേക്ക് ഓഫിന് 30 സെക്കന്റുകള്‍ക്ക് ശേഷം തന്നെ അപകടമുണ്ടായി. എല്ലാം പെട്ടെന്നാണ് സംഭവിച്ചത്. എനിക്ക് ചുറ്റും മൃതദേഹങ്ങളായിരുന്നു. എന്റെ സഹോദരനും വിമാനത്തിലുണ്ടായിരുന്നു’. രക്ഷപ്പെടലിന് ശേഷം വിശ്വാസിന്റെ വാക്കുകള്‍ ഇങ്ങനെ. വിശ്വാസിന്റെ പരുക്കുകള്‍ സാരമല്ലെന്നാണ് വിവരം. 11 അ സീറ്റിലെ യാത്രക്കാരനായിരുന്നു വിശ്വാസ്..വിമാനാപകടത്തില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് രാജ്യം. ഇന്നത്തെ അപകടം അടക്കം 25 വര്‍ഷത്തിനിടെ രാജ്യത്തെ ഞെട്ടിച്ച് നാല് ആകാശ ദുരന്തങ്ങളാണുണ്ടായത്.
