അബുദാബി ∙ ഉയർന്ന താപനിലയിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി യുഎഇ മാനവ വിഭവശേഷി മന്ത്രാലയം നടപ്പാക്കുന്ന വാർഷിക ‘മധ്യാഹ്നവിശ്രമം’ നാളെ (ജൂൺ 15) മുതൽ പ്രാബല്യത്തിൽ വരും. നേരിട്ടുള്ള സൂര്യപ്രകാശമേൽക്കുന്ന തുറന്ന സ്ഥലങ്ങളിലുള്ള ജോലികൾക്ക് ഉച്ചയ്ക്ക് 12.30 മുതൽ 3.00 വരെ വിലക്കേർപ്പെടുത്തുന്ന ഈ നിയമം സെപ്റ്റംബർ 15 വരെ തുടരും.തുടർച്ചയായി 21-ാം വർഷമാണ് ഈ നിയമം നടപ്പാക്കുന്നത്. ആഗോള തൊഴിൽ, ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായി സുരക്ഷിതമായ തൊഴിൽ സാഹചര്യങ്ങൾ വളർത്തുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധതയാണ് ഇത് കാണിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. വേനൽക്കാലത്തെ കഠിനമായ ചൂടിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുകയാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം.മധ്യാഹ്നവിശ്രമ നിയമം പാലിക്കുന്നതിൽ തുടർച്ചയായി 99% ലേറെ നിരക്ക് കൈവരിച്ചതായി മന്ത്രാലയത്തിന്റെ ഇൻസ്പെക്‌ഷൻ ആൻഡ് കംപ്ലയിൻസ് സെക്ടർ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മോഹ്‌സിൻ അൽ നാസി പറഞ്ഞു. യുഎഇയിലെ ബിസിനസ് സമൂഹത്തിന്റെയും സ്വകാര്യ മേഖലയുടെയും സാമൂഹികവും മാനുഷികവുമായ മൂല്യങ്ങളെ ഇത് എടുത്തു കാണിക്കുന്നു. തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിൽ യുഎഇ തൊഴിൽ നിയമങ്ങൾക്കുള്ള പ്രാധാന്യവും ഇത് വ്യക്തമാക്കുന്നു. മന്ത്രാലയവും സ്വകാര്യ മേഖലയും പൊതുസമൂഹവും തമ്മിലുള്ള പങ്കാളിത്തത്തിന് ഒരു ഉത്തമ ഉദാഹരണമാണ് ഈ നിയമമെന്ന് തൊഴിൽ സംരക്ഷണ വിഭാഗം ആക്ടിങ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ദലാൽ അൽ ഷെഹി. ‘വി ദി യുഎഇ 2031’ വിഷന്റെ ലക്ഷ്യങ്ങളുമായി യോജിച്ച് 200 ലേറെ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് യുഎഇയിൽ ജീവിക്കാനും ജോലി ചെയ്യാനും നിക്ഷേപം നടത്താനും കഴിയുന്ന ഒരു സാഹചര്യം ഒരുക്കുക എന്നതും ഇതിലൂടെ ലക്ഷ്യമിടുന്നു.

മധധ്യാഹ്ന വിശ്രമ നിയമം പാലിക്കേണ്ടതിന്റെ പ്രാധാന്യം സ്ഥാപനങ്ങൾക്കും തൊഴിലാളികൾക്കും മനസ്സിലാക്കിക്കൊടുക്കാൻ മന്ത്രാലയം സജീവമായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ചൂടുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ തടയുന്നതിനും സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് അവബോധം വർധിപ്പിക്കുന്നതിനും ഈ പരിശോധനകൾ സഹായിക്കുന്നു. തൊഴിലാളികൾക്ക് വിശ്രമിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനും കുടിവെള്ളം, ഫസ്റ്റ് എയ്ഡ് കിറ്റുകൾ എന്നിവ ലഭ്യമാക്കുന്നതിനും കമ്പനികൾക്ക് നിർദേശമുണ്ട്.
അതേസമയം, ചില അടിയന്തര ജോലികൾക്ക് ഈ നിയമത്തിൽ ഇളവുകളുണ്ട്. കോൺക്രീറ്റ് ചെയ്യുന്നത് പോലുള്ള, സാങ്കേതിക കാരണങ്ങളാൽ നിർത്തിവയ്ക്കാൻ കഴിയാത്ത ജോലികൾക്ക് ഇത് ബാധകമല്ല. നിത്യോപകയോഗങ്ങളായ വെള്ളം, വൈദ്യുതി എന്നിവയുടെ തകരാറുകൾ, ഗതാഗത തടസ്സങ്ങൾ, അടിയന്തര ഇടപെടൽ ആവശ്യമുള്ള മറ്റ് സേവനങ്ങൾ എന്നിവയ്ക്കും ഇളവുണ്ട്. ഈ പ്രവർത്തനങ്ങൾക്ക് ബന്ധപ്പെട്ട അധികൃതരുടെ അനുമതി ആവശ്യമാണ്.

∙ നിയമലംഘകർക്ക് കടുത്ത പിഴ
ഈ നിയമം ലംഘിക്കുന്ന കമ്പനികൾക്ക്, ഒരു തൊഴിലാളിക്ക് 5,000 ദിർഹം വീതം പരമാവധി 50,000 ദിർഹം വരെ പിഴ ചുമത്തും. നിയമലംഘനങ്ങൾ പൊതുജനങ്ങൾക്ക് 600590000 എന്ന നമ്പറിലോ, മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ, സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ റിപ്പോർട്ട് ചെയ്യാവുന്നതാണ്. നിയമത്തിന്റെ പ്രാധാന്യം തൊഴിലാളികളിലേക്കും തൊഴിലുടമകളിലേക്കും എത്തിക്കാനും പൂർണമായും പാലിക്കുന്നു എന്ന് ഉറപ്പാക്കാനും മന്ത്രാലയം ബോധവൽക്കരണ ക്യാംപെയ്നുകളും പരിശോധനകളും ശക്തമാക്കും.