മസ്ക്കത്ത് ∙ ഒമാൻ കടലിൽ എണ്ണ കപ്പൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 24 കപ്പൽ ജീവനക്കാരെയും സുരക്ഷിതരാക്കി രക്ഷപ്പെടുത്തി യുഎഇ കോസ്റ്റ് ഗാർഡ്.യുഎഇയുടെ തീരത്ത് നിന്ന് ഏകദേശം 24 നോട്ടിക്കൽ മൈൽ ദൂരെ ഒമാൻ കടലിൽ ഹോർമൂസ് തീരത്തിന് സമീപത്ത് വച്ച് എണ്ണ കപ്പൽ ആയ അദാലിൻ മറ്റ് 2 കപ്പലുകളുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടമുണ്ടായ ഉടനടി യുഎഇയുടെ ദേശീയ ഗാർഡിന്റെ ഭാഗമായ കോസ്റ്റ് ഗാർഡിലെ സേർച്ച് ആൻഡ് റസ്ക്യൂ ടീമെത്തി കപ്പലുകളിൽ ഉണ്ടായിരുന്ന 24 ജീവനക്കാരെയും രക്ഷപ്പെടുത്തുകയായിരുന്നു. മുഴുവൻ പേരെയും പരുക്കുകളില്ലാതെ സുരക്ഷിതരായി ഖോർഫക്കാൻ തുറമുഖത്തെത്തിക്കുകയും ചെയ്തു. പോർട്ടിലെത്തിയ കപ്പൽ ജീവനക്കാർക്ക് ഉടനടി മെഡിക്കൽ സേവനവും ഉറപ്പാക്കി. അതേസമയം കപ്പലുകൾ കൂട്ടിയിടിക്കാനുള്ള കാരണം അവ്യക്തമാണ്. കൂട്ടിയിടിക്കാനുണ്ടായ കാരണം കണ്ടെത്താനും ഏതെങ്കിലും തരത്തിലുള്ള പാരിസ്ഥിതിക ആഘാതം സംഭവിച്ചിട്ടുണ്ടോയെന്ന് വിലയിരുത്താനായി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ യുഎഇയിലെ ഖോർ ഫക്കാനിൽ നിന്ന് 22 നോട്ടിക്കൽ മൈൽ അകലം കപ്പലുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായതായി ബ്രിട്ടീഷ് മാരിടൈം സുരക്ഷാ സ്ഥാപനമായ ആംബ്രെ റിപ്പോർട്ട് ചെയ്തിരുന്നു. സുരക്ഷാ സംബന്ധമായുണ്ടായ അപകടമല്ലെന്നും അവർ വ്യക്തമാക്കിയിരുന്നു.