ദുബായ് :ജീവിച്ചിരിക്കുമ്പോൾ ശ്രദ്ധിക്കാതിരിക്കുകയും മരണപ്പെട്ടു കഴിഞ്ഞാൽ അവരെക്കുറിച്ച് പറയുന്നതുമാണ് നമ്മുടെ രീതിയെന്നും അങ്ങനെ ജീവിച്ചിരിക്കുമ്പോൾ വേണ്ട അംഗീകാരം കിട്ടാത്ത കഥാകാരനായിരുന്നു യുപി ജയരാജ് എന്ന് നവാസ് പൂനൂർ പറഞ്ഞു. അദ്ദേഹത്തിന് കിട്ടുന്ന ഏറ്റവും വലിയ പുരസ്കാരമാണ് മരണപ്പെട്ട് കാൽ നൂറ്റാണ്ടിന് ശേഷവും ഇങ്ങനെയൊരു ഒത്തുചേരലും അദ്ദേഹത്തിൻ്റെ പേരിൽ നൽകുന്ന പുരസ്കാരവും. കാഫ് ദുബായ് ഒരുക്കിയ യു പി ജയരാജ് ചെറുകഥ പുരസ്കാര സമർപ്പണ പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സി പി അനിൽകുമാർ സ്വാഗതം പറഞ്ഞു തുടങ്ങിയ പരിപാടിയിൽ കെ ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. അഹമ്മദാബാദിൽ വിമാന ദുരന്തത്തിൽ പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടാണ് കഥാനഗരം പരിപാടി തുടങ്ങിയത്.സ്മിത നെരവത്ത് യുപി ജയരാജിനെ അനുസ്മരിച്ചുകൊണ്ട് പ്രഭാഷണം നടത്തി. എങ്ങനെയാണ് ഒരു എഴുത്തുകാരന്റെ രാഷ്ട്രീയം എന്നും അത് കാലത്തോട് എങ്ങനെയാണ് കലഹിക്കുന്നത് എന്നും യുപി ജയരാജന്റെ ചെറുകഥ സാക്ഷ്യപ്പെടുത്തിയതായി സ്മിത ഓർമ്മപ്പെടുത്തി. മാത്രമല്ല, അദ്ദേഹത്തിൻ്റെ കഥകൾക്ക് രാഷ്ട്രീയത്തെ കൃത്യമായി അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും, അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തിൽ എഴുതിയ മഞ്ഞ് എന്ന കഥ ഇതിന് മികച്ച ഉദാഹരണമാണെന്നും അവർ ചൂണ്ടിക്കാട്ടി.
തുടർന്ന് കഥയുടെ വർത്തമാനം എന്ന സെക്ഷനിൽഅർഷാദ് ബത്തേരി സംസാരിച്ചു.
കഥ എഴുതുന്നവരോട് ഉപദേശം ഇല്ലെന്നും അഭിപ്രായങ്ങൾ മാത്രമേ ഉള്ളൂ എന്നും പറഞ്ഞ അദ്ദേഹം,
എങ്ങനെയാണ് ഒരു ചെറുകഥ രൂപപ്പെടുന്നതെന്ന് സ്വന്തം കഥയനുഭവ സാക്ഷ്യങ്ങളോടെ അവതരിപ്പിച്ചു. കഥയിൽ ഗ്രാമീണ ജീവിതം തിരിച്ചു വരുന്ന കാലമാണിത്. നമുക്ക് നഷ്ടപ്പെട്ടത് പലതും ഗ്രാമങ്ങളിൽ നിന്നാണെന്നും അതുകൊണ്ടാണ് പ്രാദേശികത ലോകം മുഴുവനുമുള്ള കഥാസാഹിത്യത്തിൽ ശക്തമായി തിരിച്ചു വരുന്നതെന്നും അർഷാദ് പറഞ്ഞു. ഷാജഹാൻ തറയിൽ മോഡറേറ്റർ ആയിരുന്നു. തുടർന്ന് മത്സരത്തിൽ ലഭിച്ച 40 കഥകളിൽ നിന്ന് തെരഞ്ഞെടുത്ത പതിനഞ്ച് കഥകളെക്കുറിച്ച് പി ശ്രീകലയും വെള്ളിയോടനും സംസാരിച്ചു. കാഫിൻ്റെ കഥ മത്സരത്തിൽ ഏതൊക്കെ രീതിയിലാണ് സമ്മാനാർഹമായ കഥകൾ തിരഞ്ഞെടുക്കപ്പെട്ടത് എന്നതിനെക്കുറിച്ച് രമേഷ് പെരുമ്പിലാവ് വിശദീകരിച്ചു.
ചെറുകഥാകൃത്തുക്കളായ പ്രിയ സുനിൽ, ശ്രീകണ്ഠൻ കരിക്കകം, ജോസഫ് അതിരുങ്കൽ എന്നിവർ ചേർന്നാണ് കഥകളുടെ മൂല്യനിർണ്ണയം നടത്തിയത്.
പുരസ്കാര സമർപ്പണത്തിൽ ഒന്നാം സമ്മാനത്തിനർർഹമായ ജലക്കരടി എന്ന കഥ എഴുതിയ ഫാത്തിമ ദോഫാറിനും രണ്ടാം സ്ഥാനത്തിനർഹനായ രാജേഷ് ചിത്തിരക്കും (താഷ്കെൻ്റ്)
മൂന്നാം സ്ഥാനം ലഭിച്ച ഹുസ്ന റാഫിക്കും (ആടോള്) നിസാർ ഇബ്രാഹിം രൂപകല്പന ചെയ്ത പുരസ്കാരവും കേഷ് അവാർഡും പ്രശസ്തിപത്രവും സമ്മാനിച്ചു. കഥയ്ക്ക് പ്രത്യേക ജൂറി പുരസ്ക്കാരം നേടിയ അനുനന്ദനക്കും വൈ എ സാജിദയ്ക്കും പുരസ്കാരവും പ്രശസ്തിപത്രവും നൽകി. തുടർന്നുള്ള 10 കഥകൾക്ക് അനുമോദന പത്രവും നൽകി. പുരസ്കാരം നേടിയ കഥാകൃത്തുക്കളെ റസീന കെ പി പരിചയപ്പെടുത്തി. കഥ വന്ന വഴികളെ കുറിച്ച് സമ്മാനം നേടിയ കഥാകൃത്തുകൾ സംസാരിച്ചു. ഉഷാ ഷിനോജ് സ്വാഗതം പറഞ്ഞു.