ദുബായ്: കാൽനടയാത്രക്കാർക്ക് സുരക്ഷിത പാതയൊരുക്കി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) സ്മാർട്ട് പെഡസ്ട്രിയൻ സിഗ്നൽ വിപുലീകരണ പദ്ധതിയുടെ രണ്ടാം ഘട്ടം പൂർത്തിയാക്കി. എമിറേറ്റിലെ പത്ത് സ്ഥലങ്ങളിൽ കൂടി പദ്ധതിയുടെ ഭാഗമായി സ്മാർട്ട് കാൽനട സിഗ്നലുകൾ സ്ഥാപിച്ചു. ആദ്യഘട്ടത്തിൽ 17 ജങ്ഷനുകളിലാണ് സിഗ്നലുകൾ സ്ഥാപിച്ചിരുന്നത്. പുതിയ 10 സിഗ്നലുകൾ കൂടി സ്ഥാപിച്ചതോടെ ആകെ എണ്ണം 27 ആയി.ട്രാഫിക് സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനും റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും കാൽനട, വാഹന ഗതാഗതം കാര്യക്ഷമമാക്കുന്നതിനും അത്യാധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്താനാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ ഘട്ടത്തിൽ ഉൾപ്പെട്ട സ്ഥലങ്ങളിൽ ഒമർ ബിൻ അൽ ഖത്താബ് സ്ട്രീറ്റ്, ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, അൽ സത്വ സ്ട്രീറ്റ്, സലാഹുദ്ദീൻ സ്ട്രീറ്റ്, അമ്മാൻ സ്ട്രീറ്റ്, ഖിസൈസ് സ്ട്രീറ്റ് (തൊഴിലാളി ക്യാംപുകൾക്ക് സമീപം), ഊദ് മെത് ഹ സ്ട്രീറ്റ് (സ്കൂൾ സോണിന് മുന്നിൽ) എന്നിവിടങ്ങളിലെ കവലകൾ ഉൾപ്പെടുന്നുവെന്ന് ആർടിഎ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി ഇന്റലിജന്റ് ട്രാഫിക് സിസ്റ്റംസ് ഡയറക്ടർ മുഹമ്മദ് അൽ അലി പറഞ്ഞു.

സിഗ്നലുകൾ പ്രവർത്തിക്കാൻ തുടങ്ങിയ ശേഷം ഈ കാൽനട ക്രോസിങ്ങുകളിൽ സുരക്ഷാ നിലവാരം മെച്ചപ്പെട്ടതായി ഫലങ്ങൾ കാണിക്കുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന തെർമൽ ക്യാമറകൾ ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. രാത്രിയിൽ പോലും സുരക്ഷിതയുമായി സഞ്ചരിക്കാൻ കാൽനടയാത്രക്കാരുടെ സാന്നിധ്യവും നടപ്പാതകളിലെയും ക്രോസിങ്ങുകളിലെയും ചലനങ്ങളും ഇത് നിരീക്ഷിക്കും. പുഷ്-ബട്ടൺ ഉപകരണങ്ങളുമായി സംയോജിപ്പിച്ചിരിക്കുന്നതിനാൽ സിഗ്നൽ കാര്യക്ഷമത വർധിപ്പിക്കുന്നതിനും സമയം ക്രമീകരിക്കുന്നതും ഇത് സഹായിക്കുന്നു. കാൽനടയാത്രക്കാരുടെ വേഗം അനുസരിച്ച് സിഗ്നൽ സമയം സ്വയമേവ ക്രമീകരിക്കുന്ന ഡൈനാമിക് സെൻസറുകൾ സ്മാർട്ട് സിഗ്നലുകളിൽ ഘടിപ്പിച്ചിട്ടുണ്ടെന്നും അൽ അലി പറഞ്ഞു. ഈ കഴിവ് മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും കുട്ടികൾക്കും സുരക്ഷ വർധിപ്പിക്കുകയും, അനാവശ്യ വാഹന നിർത്തലുകൾ കുറച്ച് ട്രാഫിക് ഒഴുക്ക് മെച്ചപ്പെടുത്തുകയും ചെയ്യുന്നു.