ദുബായ്: ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) ദുബായ് ഹിൽസ് മാളിൽ “ഞങ്ങൾ നിങ്ങൾക്കായി ഇവിടെയുണ്ട്” എന്ന ശീർഷകത്തിൽ ബോധവത്ക്കരണ കാമ്പയിൻ ആരംഭിച്ചു. മേജർ ജനറൽ ഒബൈദ് മുഹൈർ ബിൻ സുറൂറാണ് കാമ്പയിൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.പൗരന്മാരുടെയും താമസക്കാർുടെയും ഇടയിൽ ജി ഡി ആർ എഫ് എ -യുടെ സേവനങ്ങളെക്കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കുകയും, അവ ലളിതവും പ്രാപ്യവുമായ രീതിയിൽ ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നതിനാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്. രാവിലെ 10 മുതൽ രാത്രി 10 വരെ സന്ദർശകർക്ക് കാമ്പയിൻ സന്ദർശിക്കാം. ഇതിനായി മാളിൽ പ്രത്യേക പവലിയൻ സ്ഥാപിച്ചിട്ടുണ്ട്.ആദ്യ ദിനം തന്നെ സന്ദർശകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഗോൾഡൻ വിസ, പ്രവേശനാനുമതി, ഐഡന്റിറ്റി കാർഡ്, ദേശീയതാ സേവനങ്ങൾ, “അമർ അസിസ്റ്റന്റ്” എന്ന സ്മാർട്ട് സംവിധാനവും ഉൾപ്പെടെ വിവിധ സേവനങ്ങളെക്കുറിച്ച് വിശദമായി അറിയാൻ സന്ദർശകർക്ക് ഇവിടെ അവസരമുണ്ടാകും
വിവരദായകമായ സ്റ്റാളുകളും പരിശീലനം ലഭിച്ച ജീവനക്കാരിലൂടെ നേരിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങളും കാമ്പയിനിന്റെ ഭാഗമാണ്. കുട്ടികൾക്കായി “സലീം”, “സലാമ്” എന്നീ കാർട്ടൂൺ കഥാപാത്രങ്ങളെ ഉൾപ്പെടുത്തി സജ്ജമാക്കിയിട്ടുള്ള വിദ്യാഭ്യാസ കോർണറും ഇവിടെയുണ്ട്.

പുതിയ കാമ്പയിൻ, ഡയറക്ടറേറ്റ് കഴിഞ്ഞ കാലങ്ങളിൽ നടത്തിവന്ന ബോധവത്ക്കരണ പ്രവർത്തനങ്ങളുടെ തുടർച്ചയാണ്. സേവനങ്ങൾക്കുറിച്ചുള്ള സംശയങ്ങൾ തീർക്കാനും വ്യക്തിഗതമായ ഇടപെടലുകൾക്കുമായി പൊതുജനങ്ങൾക്കൊപ്പം നേരിട്ട് സംവദിക്കാനുള്ള മികച്ച അവസരമായി കാമ്പയിൻ മാറുകയാണ്. ഫീഡ്ബാക്ക് സ്വീകരിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തിയതും ജനകീയ ഇടപെടലിന് അവസരം ഒരുക്കുന്നുവെന്ന് അധികൃതർ അറിയിച്ചു. ക്യാമ്പയിൻ അടുത്ത വെള്ളിയാഴ്ച സമാപിക്കും .