ദുബായ് : മെയിന്റനൻസും പ്രവർത്തനപരവുമായ കാരണങ്ങളാൽ ദുബൈയിൽ നിന്നും ഇന്ത്യയിലേക്കുള്ള രണ്ട് വിമാനങ്ങൾ ഉൾപ്പെടെ നിരവധി എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കിയതായി അധികൃതർ. ദുബൈയിൽ നിന്ന് ചെന്നൈയിലേക്കുള്ള എ.ഐ 906, ദുബൈയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള എ.ഐ 2204 വിമാനങ്ങൾ റദ്ദാക്കിയ അന്താരാഷ്ട്ര വിമാനങ്ങളിൽ ഉൾപ്പെടുന്നു.ആഭ്യന്തര സർവിസുകളിലും റദ്ദാക്കലുണ്ട്. യാത്രക്കാർക്ക് റദ്ദാക്കലിനോ സൗജന്യമായി ഷെഡ്യൂൾ ചെയ്യുന്നതിനോ ഉള്ള മുഴുവൻ തുകയും റീഫണ്ട് ചെയ്തിട്ടുണ്ടെന്ന് എയർലൈൻ അറിയിച്ചു.അതിനിടെ, അന്താരാഷ്ട്ര പ്രവർത്തനങ്ങൾ കുറയ്ക്കുന്നതായി ഒരു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. എയർ ഇന്ത്യ തങ്ങളുടെ വൈഡ്‌ബോഡി വിമാനങ്ങളുടെ അന്താരാഷ്ട്ര പ്രവർത്തനങ്ങൾ അടുത്ത ഏതാനും ആഴ്ചകളിലേക്ക് 15% കുറയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
33 ബോയിംഗ് 787-8, 787-9 വിമാനങ്ങളിൽ 26 എണ്ണത്തിൽ പരിശോധനകൾ പൂർത്തിയായതായും അവ സർവിസിനായി അനുവദിച്ചതായും എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു.
“പ്രവർത്തനങ്ങളുടെ സ്ഥിരത, മികച്ച കാര്യക്ഷമത, യാത്രക്കാർക്കുള്ള അസൗകര്യം കുറയ്ക്കൽ എന്നിവ ഉറപ്പാക്കാൻ” ജൂലൈ പകുതി വരെ പ്രാബല്യത്തിൽ വരുന്ന വെട്ടിക്കുറയ്ക്കലുകൾ നടപ്പിലാക്കുന്നുണ്ടെന്ന് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർലൈൻ കൂട്ടിച്ചേർത്തു.