അബൂദബി: പിതൃ ദിനത്തിൽ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ രാഷ്ട്ര പിതാവ് കൂടിയായ ശൈഖ് സായിദിനെ അനുസ്മരിച്ച് ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ ഹൃദയംഗമമായ ആദരാഞ്ജലി പങ്കിട്ടു. തന്റെ സ്നേഹനിധിയായിരുന്ന പിതാവിനെ ആദരിച്ചും, ലോകമെമ്പാടുമുള്ള പിതാക്കന്മാരുടെ സുപ്രധാന പങ്കിനെ അംഗീകരിച്ചും അദ്ദേഹം എഴുതി: “നമ്മുടെ സ്ഥാപക പിതാവ്, പരേതനായ ശൈഖ് സായിദ് തന്റെ മക്കൾക്കും രാഷ്ട്രത്തിനും ജ്ഞാനിയായ ഉപദേഷ്ടാവും പ്രചോദനാത്മക മാതൃകയുമായിരുന്നു. അദ്ദേഹത്തിന്റെ പാരമ്പര്യം നമ്മുടെ രാജ്യത്തിന്റെയും ജനങ്ങളുടെയും തുടർ വികസനത്തെ രൂപപ്പെടുത്തുന്നത് തുടരുന്നു. പിതൃദിനം ആഘോഷിക്കുമ്പോൾ, യു.എ.ഇയിലുടനീളമുള്ള പിതാക്കന്മാരെ ഞാൻ അഭിവാദ്യം ചെയ്യുകയും, കുടുംബ ജീവിതത്തിലും സമൂഹത്തിലും അവരുടെ നിർണായക പങ്കിനെ അഭിനന്ദിക്കുകയും ചെയ്യുന്നു” -അദ്ദേഹം പറഞ്ഞു.
ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്‌യാനൊത്തുള്ള സ്നേഹപൂർണമായ വീഡിയോയും അദ്ദേഹം പങ്കിട്ടത് ഈ ദിനത്തെ ഏറെ പ്രൗഢഗംഭീരവും അർത്ഥപൂർണവും ചിന്തോദ്ദീപകവുമാക്കി.
സ്ഥാപക പിതാവിന്റെ ജീവിതത്തെ അനുസ്മരിച്ചുകൊണ്ട് മറ്റ് നേതാക്കളും അവരുടെ ആശംസകൾ പങ്കുവെച്ചു.തന്റെ ജനങ്ങളെയും കുടുംബത്തെയും നയിച്ചതിലൂടെ അദ്ദേഹം പിതൃത്വത്തിന്റെ ഏറ്റവും വലിയ അർത്ഥങ്ങൾ ഉൾക്കൊള്ളുകയും ജ്ഞാനത്തിന്റെയും ദാനത്തിന്റെയും മാതൃകയായി മാറുകയും ചെയ്തുവെന്ന് ശൈഖ് മുഹമ്മദ് പ്രകീർത്തിച്ചു.
യു.എ.ഇ വൈസ് പ്രസിഡന്റും ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്‌യാനും ശൈഖ് സായിദിനെ അനുസ്മരിച്ചു.
കുടുംബങ്ങൾ കെട്ടിപ്പടുക്കുന്നതിലും ഭാവി രൂപപ്പെടുത്തുന്നതിലും സായിദിന്റെ പാത പിന്തുടരുന്ന ഓരോ പിതാവിനോടും അദ്ദേഹം തന്റെ ബഹുമാനവും നന്ദിയും പ്രകടിപ്പിച്ചുവെന്നും ശൈഖ് മൻസൂർ വ്യക്തമാക്കി.