അബുദാബി :രാജ്യത്ത് ചൂട് കൂടുന്നു .എന്നാൽ ശരിക്കും ചൂട് തുടങ്ങിയിട്ടേയുള്ളൂ. ജൂൺ 21 മുതൽ സെപ്റ്റംബർ 22 വരെയാണ് യുഎഇയിലെ ചൂടുകാലം. ഈ കാലയവളവിൽ താപനില 50 ഡിഗ്രിവരെ ഉയരാമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. എന്നാൽ ഈ വർഷം മേയിൽ തന്നെ 51.6 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു.22 വർഷത്തിനിടയിലെ ഏറ്റവും കൂടിയ ചൂടാണ് മേയ് 24ന് അൽഐനിൽ രേഖപ്പെടുത്തിയത്. ഈ മാസം ശരാശരി താപനില 47-49 ഡിഗ്രി വരെ ആയിരിക്കും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ താപനില 50 ഡിഗ്രി വരെ ഉയരാം. യുഎഇയിൽ ഇത്തവണ മഴ കുറഞ്ഞത് ചൂടിന്റെ കാഠിന്യം കൂട്ടി. കൃത്രിമ മഴയ്ക്കും ശ്രമമുണ്ടായില്ല. ചൂട് മുന്നിൽ കണ്ട് പുറം ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഉച്ചവിശ്രമം നൽകിയിട്ടുണ്ട്.ഉച്ചയ്ക്ക് 12.30 മുതൽ 3 വരെയാണ് ഇടവേള. കടുത്ത ചൂടിൽ പുറത്തിറങ്ങുന്നവരും വാഹനം ഓടിക്കുന്നവരുമെല്ലാം അതീവ ജാഗ്രത പുലർത്തണമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. കുട്ടികളും വയോധികരും പ്രത്യേകം ശ്രദ്ധിക്കണം. കടുത്ത ചൂടിൽ പുറത്തിറങ്ങുന്നവർക്ക് സൂര്യാഘാതം, നിർജലീകരണം തുടങ്ങി ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാം.

അത്യാവശ്യം പുറത്തിറങ്ങേണ്ടിവന്നാൽ കുട ഉപയോഗിക്കുകയും കൂളിങ് ഗ്ലാസ് ധരിക്കുകയും വേണം. അയഞ്ഞ പരുത്തി വസ്ത്രമാണ് ഉത്തമം. 2 നേരം കുളിക്കുന്നതും ശരീരോഷ്മാവ് ക്രമീകരിക്കാൻ സഹായിക്കും. കടുത്ത ചുട് അനുഭവപ്പെടുന്ന രാവിലെ 10 മുതൽ വൈകിട്ട് 4 വരെയുള്ള സമയങ്ങളിൽ പാർക്ക്, ബീച്ച്, മരുഭൂമി തുടങ്ങി തുറസ്സായ സ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കണമെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.