ദുബായ്∙ ഇറാനിലെ ആണവ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ അമേരിക്കൻ ആക്രമണത്തിൽ യുഎഇ ആശങ്ക അറിയിച്ചു. സംഘർഷം വർധിപ്പിക്കാതെ ചർച്ചകളിലൂടെ പ്രശ്നത്തിന് പരിഹാരം കാണണമെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അഭ്യർഥിച്ചു. സൗദി അറേബ്യയും നിലവിലെ സാഹചര്യത്തിൽ ആശങ്ക രേഖപ്പെടുത്തി.സംഘർഷം വർധിക്കാൻ ഇടയാക്കുന്ന യാതൊരു സാഹചര്യവും ഉണ്ടാകരുതെന്ന് ഖത്തറും ഒമാനും പ്രസ്താവനകളിൽ അറിയിച്ചു. ഇതിനിടെ, ബ്രിട്ടിഷ് എയർവെയ്സ് ദുബായിലേക്കും ദോഹയിലേക്കുമുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. ഇറാനിലെ ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള അമേരിക്കയുടെ ആക്രമണത്തെ തുടർന്നുള്ള സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റഗുലേഷൻ (എഫ്എഎൻആർ) അറിയിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും എഫ്എഎൻആർ വ്യക്തമാക്കി.ബഹ്റൈനിൽ, അധികൃതർ എല്ലാ സ്കൂളുകളും ഓൺലൈൻ പഠനത്തിലേക്ക് മാറാൻ നിർദ്ദേശം നൽകി. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ പുറത്തിറങ്ങാവൂ എന്നും പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങളുടെ സുരക്ഷയെ മുൻനിർത്തിയാണ് ഈ നിർദ്ദേശമെന്നും ബഹ്റൈൻ വാർത്താ ഏജൻസിയെ ഉദ്ധരിച്ച് അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.