ദുബായ് ,അജ്മാൻ : വേനൽക്കാല സമയക്രമത്തിന്റെ ഭാഗമായി അജ്മാനിൽ ജൂലൈ ഒന്നുമുതൽ സർക്കാർ ജീവനക്കാർക്കു വെള്ളിയാഴ്ചകളിൽ വർക്ക് ഫ്രം ഹോം അനുവദിച്ചു. ഓഗസ്റ്റ് 22 വരെയാണ് ഈ സമയ ക്രമം.ജോലി സമയത്തിലും മാറ്റം വരും. തിങ്കൾ മുതൽ വ്യാഴം വരെ ദിവസേന ഒരു മണിക്കൂർ പ്രവൃത്തി സമയം കുറയ്ക്കും. രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 2.30 വരെയാകും ഉദ്യോഗസ്ഥരുടെ ജോലി സമയം. വേനൽക്കാലത്തെ കഠിനമായ ചൂട് പരിഗണിച്ച് ഈ നയം വേനൽ മുഴുവൻ തുടരും. ഭാവിയിൽ സമയ ക്രമം ഇങ്ങനെ തുടരുന്നത് ഗുണം ചെയ്യുമോ എന്നും പഠിക്കും. സർക്കാർ ജീവനക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഈ പുതിയ സംരംഭത്തിന് കിരീടാവകാശി ഷെയ്ഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമിയുടെ നേതൃത്വത്തിലുള്ള അജ്മാൻ എക്സിക്യൂട്ടീവ് കൗൺസിൽ അംഗീകാരം നൽകി.

വേനൽക്കാലത്ത് ദുബായിലെ പൊതുമേഖലാ ജീവനക്കാർക്കായി നടപ്പിലാക്കിയ പ്രവൃത്തി സമയനയത്തിന് പിന്നാലെയാണ് അജ്മാന്റെ ഈ പ്രഖ്യാപനം. ജൂലൈ മുതൽ സെപ്റ്റംബർ 12 വരെയാണ് ദുബായിൽ സമയ ഇളവ്.