ദുബായ് : വേനലവധി പ്രമാണിച്ചുള്ള തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ എമിറേറ്റ്‌സ് എയർലൈൻസ് ഉൾപ്പെടെയുള്ള യുഎഇയുടെ വിമാനക്കമ്പനികൾയാത്രാമുന്നറിയിപ്പ് നൽകി . ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണംഇന്ന് വ്യാഴാഴ്ച മുതൽ ഈ മാസം 30 വരെ വർധിക്കുമെന്നാണ് എമിറേറ്റ്‌സിന്റെ അറിയിപ്പ്.ഈ ആഴ്ചമാത്രം ദുബായ് വിമാനത്താവളംവഴി ദിവസേന 30,000 യാത്രക്കാർ സഞ്ചരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ 12 ദിവസമായി ഇസ്രയേൽ-ഇറാൻ സംഘർഷവും പിന്നീട് ഉണ്ടായ വെടിനിർത്തലുംമൂലം വ്യോമപാത താത്കാലികമായി അടച്ചിടുകയും ഒട്ടേറെ വിമാനസർവീസുകൾ തടസ്സപ്പെടുകയും ചെയ്തിരുന്നു. എങ്കിലും യാത്രക്കാരുടെ തിരക്കിൽ കുറവ് വന്നില്ലെന്നും 12 ലക്ഷം യാത്രക്കാർ കഴിഞ്ഞ രണ്ടാഴ്ചയിൽ എയർലൈനിൽ യാത്ര ചെയ്തതായും എമിറേറ്റ്‌സ് അറിയിച്ചു.വേനലവധി ആഘോഷിക്കുന്നതിനായി കുടുംബങ്ങൾ കൂടുതലായി യാത്രചെയ്യുന്ന സാഹചര്യത്തിൽ വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്. യാത്രകൾ മുൻകൂട്ടി തീരുമാനിക്കണമെന്നും തടസ്സരഹിതമായ യാത്രയ്ക്കായി അവസാനനിമിഷ യാത്രാപദ്ധതികൾ ഒഴിവാക്കണമെന്നും എമിറേറ്റ്‌സ് നിർദേശിച്ചു.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിൽനിന്ന് പുറപ്പെടുന്ന യാത്രക്കാർ പുറപ്പെടൽ സമയത്തിന് മൂന്നുമണിക്കൂർ മുൻപ് വിമാനത്താവളത്തിൽ എത്തിച്ചേരണം. വിമാനത്താവളത്തിലേക്കുള്ള റോഡുകളിലെ തിരക്ക്, കാർ പാർക്കിങ്ങിലെ തിരക്ക്, ഇമിഗ്രേഷനിലെ നീണ്ടനിര എന്നിവയെല്ലാം കണക്കിലെടുക്കണം. ഇതനുസരിച്ച് നേരത്തെത്തന്നെ വിമാനത്താവളത്തിലേക്ക് പുറപ്പെടണം. വിമാനം പുറപ്പെടുന്നതിന് ഒന്നര മണിക്കൂറെങ്കിലും മുൻപ് ഇമിഗ്രേഷൻ പൂർത്തിയാക്കുകയും ടേക്ക് ഓഫിന് ഒരു മണിക്കൂർ മുൻപെങ്കിലും ബോർഡിങ് ഗേറ്റിൽ എത്തുകയും വേണം.യാത്രക്കാർക്ക് ഓൺലൈൻ ചെക്ക്-ഇൻ, വിമാന വിവരങ്ങൾ പരിശോധിക്കൽ, ഡിജിറ്റൽ ബോർഡിങ് പാസ് എന്നിവയ്ക്കായി എമിറേറ്റ്‌സ് ആപ്ലിക്കേഷനിലെ സേവനങ്ങൾ ഉപയോഗപ്പെടുത്താം. വിമാനം പുറപ്പെടുന്നതിന് 48 മണിക്കൂർ മുൻപ് ഓൺലൈൻ, ആപ്പ് ചെക്ക്-ഇൻ സേവനങ്ങൾ തുടങ്ങും. വിമാനയാത്ര കുറച്ചുകൂടി എളുപ്പമാക്കാനായി ഓവർനൈറ്റ് ബാഗ് ഡ്രോപ്, സിറ്റി ചെക്ക്-ഇൻ, ഹോം ചെക്ക്-ഇൻ, എയർപോർട്ട് ട്രാൻസിറ്റ് എന്നീ സേവനങ്ങൾ ഉപയോഗിക്കാം. ബാഗേജിൽ നിരോധിത വസ്തുക്കൾ ഇല്ലെന്ന് പരിശോധിച്ച് ഉറപ്പാക്കുകയും വേണം.