ഷാർജ: ഷാർജയിലെ ആദ്യ സൗരോർജനിലയം ‘സന’ ബുധനാഴ്ച രാവിലെ പ്രവർത്തനമാരംഭിച്ചു. ഷാർജ ഉപ ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമി പ്ലാന്റ് സന്ദർശിക്കുകയും വിവിധ സ്ഥാപനങ്ങളും സൗകര്യങ്ങളും നോക്കിക്കാണുന്നയും ചെയ്തു.
സജാ ഗ്യാസ് പ്ലാന്റിനോട് ചേർന്ന് 850,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ സജ്ജീകരിച്ച സന സൗരോർജ പ്ലാന്റിന് 60 മെഗാവാട്ട് ശേഷിയുണ്ട്. ഇതിന് പ്രതിവർഷം ഏകദേശം 13,780 വീടുകൾക്ക് വൈദ്യുതി നൽകാൻ ആവശ്യമായ ശുദ്ധോർജം ഉത്പാദിപ്പിക്കാൻ കഴിയും. അതുവഴി, വർഷം തോറും 66,000 ടൺ കാർബൺ ഡൈ ഓക്സൈഡ് ഉദ്‌വമനം കുറയും.പരമാവധി ഊർജം ശേഖരിക്കാൻ സൂര്യ ചലനം കൃത്യമായി ട്രാക്ക് ചെയ്യുന്ന 13,000 ഫ്ലെക്സിബിൾ തൂണുകൾ പ്ലാന്റിലുണ്ട്. സൗരോർജത്തിന്റെ കാര്യക്ഷമമായ ഉപയോഗത്തിനായി 98,000ത്തിലധികം സോളാർ പാനലുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. ശുദ്ധോർജം നേടിയെടുക്കാനുള്ള എമിറേറ്റിന്റെ അഭിലാഷങ്ങളിലെ സുപ്രധാന നാഴികക്കല്ലാണ് ഈ അത്യാധുനിക പ്ലാന്റ്.

പ്ലാന്റിന്റെ പ്രവർത്തന സ്വഭാവം
ഷാർജ നാഷണൽ ഓയിൽ കോർപറേഷന്റെ (എസ്.എൻ.ഒ.സി) പദ്ധതികളെ പിന്തുണയ് ക്കാനായി ഇത് ശുദ്ധോർജം ഉത്പാദിപ്പിക്കുന്നു. പകൽ സമയത്ത് ഉൽപാദിപ്പിക്കുന്ന അധിക വൈദ്യുതി ഷാർജ വൈദ്യുത-ജല-വാതക അതോറിറ്റി(സീവ)യിലേക്ക് വിതരണം ചെയ്യും. രാത്രിയിൽ എസ്.എൻ.ഒ.സിയുടെ പ്രവർത്തനങ്ങൾക്കാവശ്യമായ വൈദ്യുതി സീവ നൽകും.
‘തെളിച്ചമുള്ള വെളിച്ചം’ എന്നർത്ഥം വരുന്ന ‘സന’ എന്ന പേരിനെക്കുറിച്ച് എസ്.എൻ.ഒ.സി സി.ഇ.ഒ ഖമീസ് അൽ മസ്രൂയി വെളിപ്പെടുത്തി. എട്ട് വർഷം മുമ്പ് ഷാർജയിൽ പുനരുപയോഗ ഊർജ പദ്ധതികൾ സ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള എസ്.എൻ.ഒ.സി എഞ്ചിനീയർമാർ വിഭാവനം ചെയ്ത ആശയത്തിൽ നിന്നാണ് ഇത് ഉത്ഭവിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
പുനരുപയോഗ ഊർജത്തിലേക്കുള്ള മാറ്റം ഇനി ഒരു ഓപ്ഷനല്ല, മറിച്ച് ഒരു ആവശ്യകതയാണെന്നും, അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന ആഗോള ഊർജ ഭൂപ്രകൃതിയുമായി പൊരുത്തപ്പെടുന്നതിന് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
2018ൽ ഹംറിയ എൽ.എൻ.ജി ടെർമിനലിൽ 300 കിലോ വാട്ട് ശേഷിയുള്ള സൗരോർജ പ്ലാന്റോടെ ആരംഭിച്ച യാത്രയാണ് ഇന്നിവിടെ എത്തി നിൽക്കുന്നതെന്ന് പറഞ്ഞ അൽ മസ്‌റൂയി,’സന’ രാജ്യത്തിന്റെ മനുഷ്യ മൂലധനത്തിലെ തന്ത്രപരമായ നിക്ഷേപത്തെ പ്രതിനിധീകരിക്കുന്നുവെന്നും വിശദീകരിച്ചു. രാജ്യത്തെ വിവിധ സർവകലാശാലകളിൽ നിന്നുള്ള നിരവധി ബിരുദധാരികൾ സനയുടെ സാക്ഷാത്കാരത്തിന് സംഭാവന നൽകുന്നു.പദ്ധതി പൂർത്തിയാക്കിയ ശേഷം ‘എമെർജ്’ അടുത്ത 25 വർഷത്തേക്ക് അതിന്റെ പ്രവർത്തനവും പരിപാലനവും കൈകാര്യം ചെയ്യുമെന്ന് സ്ഥാപനത്തിന്റെ ചെയർമാൻ അബ്ദുൽ അസീസ് അൽ ഉബൈദ്‌ലി പറഞ്ഞു. ഇത് മേഖലയുടെ സാധ്യതകളിലും അതിന്റെ ശക്തമായ പങ്കാളിത്തത്തിലും കമ്പനിയുടെ ആത്മവിശ്വാസം അടിവരയിടുന്നതാണ്.സോളാർ പ്ലാന്റ് വിജയത്തിലെത്തിക്കുന്നതിൽ പങ്കാളിത്തത്തിന്റെയും കൂട്ടായ പരിശ്രമത്തിന്റെയും നിർണായക പങ്ക് സന പ്രോജക്ട് മാനേജർ ഫാത്തിമ അൽ ഹമ്മാദി എടുത്തു പറഞ്ഞു. ഒരു വ്യക്തിഗത ആശയത്തിൽ നിന്ന് സഹകരണ വിജയത്തിലേക്കെത്തിയതിന്റെ വളർച്ചാ ഘട്ടം അവർ അഭിമാനപൂർവം ചൂണ്ടിക്കാട്ടി.
വൈദ്യുതി, ഗ്യാസ്, ശുദ്ധോർജം എന്നിങ്ങനെ വിവിധ വിഭാഗങ്ങൾക്കിടക്കുള്ള ടീം വർക്കിന്റെ സാക്ഷ്യമായി സനയെ അധികൃതർ പ്രശംസിച്ചു.
ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമി സോളാർ പദ്ധതിയുടെ പങ്കാളികളെ അഭിനന്ദന സൂചകമായി പ്രത്യേക ഷീൽഡുകൾ നൽകി ആദരിച്ചു. ഷാർജയിലെ ഏറ്റവും വലിയ ഈ പ്ലാന്റ്, എമിറേറ്റിന്റെ എണ്ണ-പ്രകൃതി വാതക സൗകര്യങ്ങൾക്ക് ഊർജം പകരാൻ പുനരുപയോഗ ഊർജം ഉപയോഗിക്കുന്ന ആദ്യ പ്ലാന്റായി അറിയപ്പെടുന്നു.
സ്വന്തം വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റുന്നതിനായി മാത്രമല്ല, മിച്ച വൈദ്യുതി കയറ്റുമതി ചെയ്യുന്നതിനും ആഗോള തലത്തിൽ രൂപകൽപന ചെയ്ത ആദ്യ പ്ലാന്റുകളിൽ ഒന്നാണിത്.യു.എ.ഇയുടെ വിശാലമായ പാരിസ്ഥിതിക സുസ്ഥിരതാ അജണ്ടയുമായി യോജിപ്പിച്ച്, 2050ഓടെ നെറ്റ് സീറോ എമിഷൻ കൈവരിക്കാനുള്ള എസ്.എൻ.ഒ.സിയുടെ യാത്രയിൽ നിർണായക ചുവടുവയ്പ്പാണ് ഈ സോളാർ പവർ പ്ലാന്റിന്റെ ഉദ്ഘാടനം.അബൂദബി ഫ്യൂച്ചർ എനർജി കമ്പനി (മസ്ദർ), ഫ്രഞ്ച് കമ്പനിയായ ഇ.ഡി.എഫ് ഗ്രൂപ് എന്നിവ തമ്മിലുള്ള സംയുക്ത സംരംഭമായ എസ്.എൻ.ഒ.സിയുടെ സീവ, എമെർജ് എന്നിവയുടെ പിന്തുണയുള്ള സഹകരണ പ്രവർത്തന ഫലമാണ് സന പ്രൊജക്റ്റ്. പ്ലാന്റിന്റെ പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്നത് എമെർജ് ആണ്.പരിസ്ഥിതി സംരക്ഷണത്തിനായുള്ള ഷാർജയുടെ അചഞ്ചലമായ പ്രതിബദ്ധതയ്ക്കും ശുദ്ധവും പുനരുപയോഗിക്കാവുന്നതുമായ ഊർജം ഉപയോഗപ്പെടുത്തുന്നതിലുള്ള ശ്രദ്ധയ്ക്കും ഈ പദ്ധതി തെളിവാണെന്ന് ബന്ധപ്പെട്ട അധികൃതർ അവകാശപ്പെടുന്നു. ഇത് കൂടുതൽ ഹരിതവും സുസ്ഥിരവുമായ ഒരു ഭാവിയെ വളർത്തിയെടുക്കുന്നതിനുള്ള സഹകരണ നവീകരണത്തിന്റെ സുപ്രധാന ഉദാഹരണമായി മാറുന്നു.