ദുബായ് : വ്യാജ അപാർട്മെൻറ് വാടക പരസ്യങ്ങളിലൂടെ ആകർഷക വില വാഗ്ദാനം ചെയ്ത് ഇരകളെ വശീകരിച്ച് പണം തട്ടിയയാളെ ദുബൈ പൊലിസ് അറസ്റ്റ് ചെയ്തു. ‘വഞ്ചനയെക്കുറിച്ച് ജാഗ്രത പാലിക്കുക’ എന്ന കാംപയിൻ ഭാഗമായാണ് ദുബൈ പൊലിസ് ഇയാളെ പിടികൂടിയത്.വീട്ടുടമസ്ഥനായി വേഷം മാറി വീട് അന്വേഷിക്കുന്ന ആളുകളെയാണ് വ്യക്തി ലക്ഷ്യം വെച്ചതെന്ന് ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയ ദുബൈ പൊലിസ് ജനറൽ ഡിപാർട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ ആന്റി ഫ്രോഡ് സെന്റർ അതികൃതർ പറഞ്ഞു.വാടക സ്വത്ത് സുരക്ഷിതമാക്കാൻ ഒരു ഡെപോസിറ്റ് കൈമാറാൻ ഇയാൾ ഇരകളോട് ആവശ്യപ്പെട്ടു. പണം നൽകിക്കഴിഞ്ഞപ്പോൾ തട്ടിപ്പുകാരൻ എല്ലാ ബന്ധങ്ങളും വിച്ഛേദിച്ച് അപ്രത്യക്ഷനാവുകയായിരുന്നു.ഈ പെരുമാറ്റം സൈബർ തട്ടിപ്പാണെന്നും, ഇയാൾ നിയമ പ്രകാരം ശിക്ഷാർഹനാണെന്നും പൊലിസ് വ്യക്തമാക്കി. ആന്റി ഫ്രോഡ് സെന്റർ അത്തരം കേസുകൾ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
പൊതുജനങ്ങൾ ജാഗ്രത പാലിക്കാനും, സമാന തട്ടിപ്പുകൾക്കിരയാകുന്നത് ഒഴിവാക്കാനും പൊലിസ് അഭ്യർത്ഥിച്ചു. വീട്ടുടമസ്ഥന്റെ ഐഡന്റിറ്റി പരിശോധിച്ചുറപ്പിക്കുകയും, സ്വത്തിന്റെ ഉടമസ്ഥാവകാശം സ്ഥിരീകരിക്കുകയും, ഔദ്യോഗികവും അംഗീകൃതവുമായ മാർഗങ്ങളിലൂടെ വാടക കരാറുകൾ പൂർത്തിയാക്കുകയും ചെയ്തിട്ടില്ലെങ്കിൽ പണം കൈമാറ്റം ചെയ്യരുതെന്ന് താമസക്കാർക്ക് നിർദേശമുണ്ട്.
സംശയാസ്പദമായ ഏതെങ്കിലും ലിസ്റ്റിംഗുകളോ, തട്ടിപ്പ് ശ്രമങ്ങളോ ഉണ്ടായാൽ ദുബൈ പൊലിസ് ആപ്പ് വഴിയോ, 901 എന്ന നമ്പറിൽ വിളിച്ചോ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും പൊലിസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.പൊതു അവബോധവും സഹകരണവുമാണ് ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരായ പ്രതിരോധത്തിന്റെ ആദ്യ പടിയെന്നും അധികൃതർ ചൂണ്ടിക്കാട്ടി.