ദുബായ് ∙ നഗരത്തിലെ ഗതാഗത രംഗത്ത് വിപ്ലവം കുറിച്ചുകൊണ്ട് ദുബായ് എയർ ടാക്സിയുടെ ആദ്യ പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കി. ജോബി ഏവിയേഷൻ വികസിപ്പിച്ച എയർ ടാക്സിയാണ് ദുബായിൽ ആദ്യമായി പരീക്ഷണ പറക്കൽ നടത്തിയത്. ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.2026നകം എയർ ടാക്സി സേവനങ്ങൾ പൂർണതോതിൽ ആരംഭിക്കുന്നതിനുള്ള വിപുലമായ ഒരുക്കങ്ങളുടെ ഭാഗമാണ് ഈ പരീക്ഷണ പറക്കലെന്ന് ഷെയ്ഖ് ഹംദാൻ അറിയിച്ചു. ഇത് നവീകരണത്തിന്റെയും ഭാവിക്ക് സജ്ജമായ അടിസ്ഥാന സൗകര്യങ്ങളുടെയും ആഗോള കേന്ദ്രമായി മാറാനുള്ള ദുബായുടെ നിരന്തരമായ പരിശ്രമങ്ങളുടെ ഭാഗമാണിത്.ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും (ആർടിഎ) ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്ഓഫ് ആൻഡ് ലാൻഡിങ് വിമാനങ്ങളുടെ മുൻനിര യുഎസ് ആസ്ഥാനമായുള്ള ഡെവലപർമാരായ ജോബി ഏവിയേഷനും തമ്മിലുള്ള സഹകരണത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. ദൂരങ്ങൾ കുറയ്ക്കുകയും ദുബായിലെ ജീവിതനിലവാരം വർധിപ്പിക്കുകയും സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ നഗര ഗതാഗതത്തിന്റെ മുഖച്ഛായ മാറ്റിയെഴുതുകയും ചെയ്യുന്ന ഒരു പുതിയ നേട്ടമാണിതെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു.
ഈ പയനിയറിങ് പദ്ധതി നവീകരണത്തിനും ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനും ഒരു മുൻനിര കേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ്. ഈ വിജയകരമായ പരീക്ഷണ പറക്കൽ ആധുനിക സാങ്കേതികവിദ്യകൾ സ്വീകരിച്ച് ഭാവിയിലെ നഗരജീവിതം പുനർനിർമിക്കാനുള്ള ദുബായിയുടെ ദീർഘവീക്ഷണത്തിന്റെ മറ്റൊരു ഉദാഹരണമാണ്.