ദുബായ് : എമിറേറ്റിലുടനീളമുള്ള നിർമാണ സ്ഥാപനങ്ങളുടെയും എഞ്ചിനീയറിംഗ് ഓഫിസുകളുടെയും പ്രകടനം വിലയിരുത്താൻ കൂടുതൽ കൃത്യവും സംയോജിതവുമായ ഒരു ചട്ടക്കൂട് നടപ്പിലാക്കുന്നത് ലക്ഷ്യമിട്ട് കോൺട്രാക്ടർ, എഞ്ചിനീയറിംഗ് കൺസൾട്ടൻസി റേറ്റിംഗ് സിസ്റ്റത്തിൽ സമഗ്രമായ പരിഷ്‌കാരം ദുബൈ മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു. നിർമാണ, നഗര വികസന മേഖലയെ കൂടുതൽ ബുദ്ധിപരവും സുസ്ഥിരവും ആഗോള തലത്തിൽ മത്സരാധിഷ്ഠിതവുമാക്കി മാറ്റാനുള്ള ദുബൈയുടെ വിശാല ശ്രമങ്ങളുടെ ഭാഗമാണ് പുതിയ മാനദണ്ഡങ്ങൾ.2026ന്റെ തുടക്കത്തിൽ പ്രാബല്യത്തിൽ വരുന്ന പരിഷ്കരിച്ച സിസ്റ്റത്തിൽ പ്രകടന സൂചകങ്ങളുടെയും വിലയിരുത്തൽ മാനദണ്ഡങ്ങളുടെയും വിശാലമായ ശ്രേണി ഉൾപ്പെടുത്തും. സാങ്കേതിക ശേഷി, പദ്ധതി നിർവഹണ ഗുണനിലവാരം, നിയന്ത്രണ അനുസരണം, സുസ്ഥിരതാ രീതികൾ എന്നിവയുടെ കൂടുതൽ കൃത്യമായ വിലയിരുത്തലുകൾ പ്രാപ്തമാക്കാനാണ് ഈ മാറ്റങ്ങൾ വഴി ഉദ്ദേശിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട്, രണ്ട് എഞ്ചിനീയറിംഗ് കൺസൾട്ടൻസി ഓഫിസുകളെ ദുബൈ മുനിസിപ്പാലിറ്റി ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു. സസ്‌പെൻഷൻ കാലയളവിൽ പുതിയ പദ്ധതികൾക്ക് പെർമിറ്റ് നേടുന്നതിൽ നിന്ന് ഈ സ്ഥാപനങ്ങൾക്ക് വിലക്കുമുണ്ട്.
ലംഘനങ്ങൾ പ്രോപ്പർട്ടി ഉടമകൾക്കും ഡെവലപ്പർമാർക്കും അപകടമുണ്ടാക്കുന്നതാണ്.
അംഗീകൃത നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും ലംഘിക്കുന്ന പ്രൊഫഷണൽ രീതികൾ കണ്ടെത്തിയതിനെ തുടർന്നായിരുന്നു അച്ചടക്ക നടപടി സ്വീകരിച്ചതെന്ന് ഇതുസംബന്ധമായ റിപ്പോർട്ടിൽ പറഞ്ഞു. എന്നാൽ, സസ്‌പെൻഡ് ചെയ്ത സ്ഥാപനങ്ങളുടെ പേരുകൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.