ദുബായ് : ദുബായിലുടനീളമുള്ള അടിസ്ഥാന സൗകര്യ പദ്ധതികൾ വേഗത്തിലാക്കാനും സുഗമ ഗതാഗതത്തിനായി റോഡ് ശേഷി വികസിപ്പിക്കാനുമുള്ള ഭരണ നേതൃത്വത്തിന്റെ നിർദേശങ്ങൾക്കനുസൃതമായി യാത്രാ സമയം 75 ശതമാനം കുറയ്ക്കാനും, സുപ്രധാന ഇടനാഴിയിലൂടെ വാഹന ശേഷി ഇരട്ടിയാക്കാനും ലക്ഷ്യമിട്ടുള്ള നവീകരണ പദ്ധതി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) പ്രഖ്യാപിച്ചു. ശൈഖ് സായിദ് റോഡ് ജംഗ്ഷനിൽ നിന്ന് അൽ വസൽ സ്ട്രീറ്റ് ജംഗ്ഷനിലക്ക് 1,500 മീറ്റർ നീളത്തിലുള്ള അൽ സഫ സ്ട്രീറ്റ് ഇംപ്രൂവ്‌മെന്റ് പ്രൊജക്റ്റാണ് പ്രഖ്യാപിച്ചത്.
3,120 മീറ്റർ നീളത്തിൽ രണ്ട് പാലങ്ങളുടെയും രണ്ട് തുരങ്കങ്ങളുടെയും നിർമാണം ഈ വികസന പദ്ധതിയിൽ ഉൾപ്പെടുന്നു.ദുബായിലെ ഏറ്റവും തിരക്കേറിയ പ്രദേശങ്ങളിലൊന്നിലൂടെയുള്ള ഗതാഗതം സുഗമമാക്കാൻ നിലവിലെ ഉപരിതല റോഡുകൾ വീതി കൂട്ടുക, പ്രധാന കവലകൾ നവീകരിക്കുക, ട്രാഫിക് സിഗ്നൽ സംവിധാനങ്ങൾ നവീകരിക്കുക എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു.പൂർത്തിയാകുമ്പോൾ, അൽ സഫ സ്ട്രീറ്റിലൂടെയുള്ള യാത്രാ സമയം 12 മിനുട്ടിൽ നിന്ന് കേവലം 3 ആയി കുറയും. ഇരു ദിശകളിലേക്കും മണിക്കൂറിൽ 6,000ത്തിൽ നിന്ന് 12,000 വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയും.സിറ്റി വാക്ക്, കൊക്കക്കോള അരീന തുടങ്ങിയ പ്രധാന സ്ഥലങ്ങൾ ഉൾപ്പെടുന്ന ഹൈ സ്റ്റാൻഡേർഡ് ജില്ലയെ ഈ പദ്ധതി പിന്തുണയ്ക്കുന്നു. കൂടാതെ, വർഷം മുഴുവനും ടൂറിസം, സാംസ്കാരിക, കായിക പരിപാടികൾക്ക് ആതിഥേയത്വം വഹിക്കാനുമാകും.
റോഡ് ശൃംഖല, ഗതാഗതം കൂടുതൽ മെച്ചപ്പെടും
ഉം സുഖീം, അൽ വസൽ സ്ട്രീറ്റുകളുടെ വികസനം കൂടി ഉൾപ്പെടുന്ന ഈ പ്രദേശത്തെ റോഡ് ശൃംഖല കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള ആർ.ടി.എയുടെ മാസ്റ്റർ പ്ലാനിന്റെ ഭാഗമാണ് അൽ സഫ സ്ട്രീറ്റ് ഇംപ്രൂവ്‌മെന്റ് പദ്ധതിയെന്ന് ആർ.ടി.എ എക്സിക്യൂട്ടിവ് ബോർഡ് ചെയർമാനും ഡയരക്ടർ ജനറലുമായ എഞ്ചി.മത്തർ അൽ തായർ പറഞ്ഞു.കാൽനടക്കാർക്കുള്ള നടപ്പാതകളുടെയും സൈക്ലിംഗ് ട്രാക്കുകളുടെയും വികസനം, സമൂഹ ഇടപെടലിനെ പ്രോത്സാഹിപ്പിക്കുന്ന ഊർജസ്വല നഗര ഇടങ്ങൾ, ഭൂപ്രകൃതി മെച്ചപ്പെടുത്തിയ ചലനാത്മക പൊതു മണ്ഡലത്തിന്റെ സംയോജനം എന്നിവയുൾപ്പെടെ സൃഷ്ടിപരവും സൗന്ദര്യാത്മകവുമായ ഘടകങ്ങൾക്ക് ഈ പദ്ധതി ശക്തമായ ഊന്നൽ നൽകുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

പദ്ധതി പൂർത്തിയാകുമ്പോൾ ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റിലെയും ശൈഖ് സായിദ് റോഡിലെയും അപ്പർ ഡെക്കിൽ നിന്ന് അൽ സഫ സ്ട്രീറ്റിലേക്കും അൽ വസൽ സ്ട്രീറ്റിലേക്കും തിരിച്ചും ഗതാഗതം മെച്ചപ്പെടും.
എമിറേറ്റിലെ നാല് തന്ത്രപ്രധാന ഇടനാഴികളായ ശൈഖ് സായിദ് റോഡ്, അൽ ഖൈൽ റോഡ്, ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ് എന്നിവ തമ്മിലുള്ള ബന്ധം ഈ പദ്ധതി മെച്ചപ്പെടുത്തും.