ദുബായ് : അനധികൃത പാർട്ടീഷനുകളിലും തിരക്കേറിയ താമസയിടങ്ങളിലും ദുബൈ അധികൃതർ പരിശോധനകൾ ശക്തമാക്കി. ദേര, അൽ റിഖ്ഖ, സത്‌വ, അൽ ബർഷ, അൽ റഫ തുടങ്ങിയ റെസിഡൻഷ്യൽ ഏരിയകളിലെ അംഗീകൃതമല്ലാത്ത പരിഷ്കാരങ്ങളും സുരക്ഷിതമല്ലാത്ത ജീവിത ക്രമീകരണങ്ങളും കർശനമായി നിയന്ത്രിക്കുകയാണ് അധികൃതർ. ദുബൈ ലാൻഡ് ഡിപ്പാർട്ട്‌മെന്റുമായും സിവിൽ ഡിഫൻസുമായും ഏകോപിപ്പിച്ച് ദുബൈ മുനിസിപ്പാലിറ്റിയാണ് ഇതിന് നേതൃത്വം നൽകുന്നത്.
വീട്ടുടമയുടെ രേഖാമൂലമുള്ള അനുമതി ഉണ്ടെങ്കിൽ മാത്രമേ മറ്റൊരാൾക്ക് വാടകക്ക്, അഥവാ സബ്‌ലെറ്റിംഗിന് നിയമപരമായ സാധുതയുണ്ടാവുകയുള്ളൂ. നിയമ പ്രകാരം, വീട്ടുടമ (ലാൻഡ്‌ലോർഡ്) രേഖാ മൂലമുള്ള അനുമതി നൽകിയില്ലെങ്കിൽ, ബെഡ് സ്പേസ്, അല്ലെങ്കിൽ ഷെയയറിങ് റൂം ആയി വാടകക്കാർക്ക് പ്രോപർട്ടിയുടെ ഒരു ഭാഗമോ മുഴുവനായോ മറ്റൊരാൾക്ക് വാടകയ്ക്ക് നൽകാൻ കഴിയില്ല.
അനുമതിയോടെ പോലും, വാടക കരാറിൽ സമ്മതിച്ചതു പോലെ യൂണിറ്റ് ഉപയോഗിക്കണം. ഉദാഹരണത്തിന്: സ്വകാര്യ റെസിഡൻഷ്യൽ ഉപയോഗത്തിനായി പ്രോപർട്ടി പാട്ടത്തിന് നൽകിയിട്ടുണ്ടെങ്കിൽ, അത് ബിസിനസ്സ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയില്ല. വീട്ടുടമഅനുവദിക്കുന്നില്ലെങ്കിൽ, ബന്ധമില്ലാത്ത വ്യക്തികൾക്ക് മുറികൾ വാടകയ്ക്ക് നൽകാൻ കഴിയില്ല.അംഗീകാരമില്ലാതെയുള്ള സബ്‌ലെറ്റിംഗ് വാടക കരാറിന്റെ ലംഘനമാണ്. അത് കുടിയിറക്കലിനോ, നിയമ നടപടിക്കോ ഇടയാക്കുമെന്നും പ്രമുഖ ദേശീയ മാധ്യമത്തിന്റെ റിപ്പോർട്ടിൽ പറഞ്ഞു.വീട്ടുടമയുടെ രേഖാ മൂലമുള്ള അനുമതിയില്ലാതെ മരം കൊണ്ടുള്ള പാർട്ടീഷനുകൾ സ്ഥാപിക്കുന്നത് പോലുള്ള ഘടനാപരമായ മാറ്റങ്ങൾ വരുത്താൻ വാടകക്കാർക്ക് അനുവാദമില്ല. ഏറ്റവും പ്രധാനമായി, അത്തരം മാറ്റങ്ങൾക്ക് ദുബൈ മുനിസിപ്പാലിറ്റിയുടെയും സിവിൽ ഡിഫൻസിന്റെയും അംഗീകാരവും പരിശോധനയും ആവശ്യമാണ്. പ്രത്യേകിച്ചും അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ.ഒരു വാടകക്കാരൻ നിയമ വിരുദ്ധമായ മാറ്റങ്ങൾ വരുത്തിയാൽ, വാടക തർക്ക കേന്ദ്രത്തിൽ (ആർ.ഡി.സി) പരാതി നൽകാനും ഉടനടി കുടിയൊഴിപ്പിക്കൽ അഭ്യർത്ഥിക്കാനും വീട്ടുടമയ്ക്ക് അവകാശമുണ്ട്.ഏതെങ്കിലും മാറ്റങ്ങൾ വരുത്തുന്നതിന് മുൻപ് വീട്ടുടമ ഔദ്യോഗിക പെർമിറ്റുകൾ നേടണം. അങ്ങനെ ചെയ്യുന്നതിൽ പരാജയപ്പെടുന്നത് പിഴയോ നിയമ നടപടിയോ നേരിടാനിടയാക്കും.അതുപോലെ, എല്ലാ താമസക്കാരെയും ഇജാരി സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യണം. ഇത് ദുബൈ അധികാരികളുമായി സുതാര്യത നിലനിർത്താൻ സഹായിക്കുകയും നിയമപരമായ അനുസരണം ഉറപ്പാക്കുകയും ചെയ്യുന്നു.ഇജാരിയിൽ പട്ടികപ്പെടുത്തിയിട്ടില്ലാത്ത ഒരു വസ്തുവിൽ താമസിക്കുന്നയാളാണെങ്കിൽ, പരിശോധനയ്ക്കിടെ അത് ഫ്ലാഗ് ചെയ്യപ്പെടുകയും അനധികൃത സബ്‌ലെറ്റിംഗ്, അല്ലെങ്കിൽ അമിത തിരക്ക് ആയി കാണപ്പെടുകയും ചെയ്യാം. വീട്ടുടമകൾക്കും വാടകക്കാർക്കും ഇതിന്റെ അനന്തര ഫലങ്ങൾ നേരിടേണ്ടി വരും.
ഇജാരി അപ്‌ഡേറ്റ് ചെയ്യുന്നതിന്, വാടകക്കാർക്കോ വീട്ടുടമസ്ഥർക്കോ ഏതെങ്കിലും റിയൽ എസ്റ്റേറ്റ് ട്രസ്റ്റി ഓഫിസ് സന്ദർശിക്കാം അല്ലെങ്കിൽ, ദുബൈ ലാൻഡ് ഡിപ്പാർട്ട്‌മെന്റിന്റെ ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കാം.
ദുബൈയിൽ വില്ലകൾക്കും അപ്പാർട്ടുമെന്റുകൾക്കും കർശനമായ ഒക്യുപൻസി പരിധികളുണ്ട്. തിരക്ക് തടയുന്നതിനും സുരക്ഷാ അപകട സാധ്യതകൾ കുറയ്ക്കുന്നതിനുമാണ് ഈ പരിധികൾ നിലവിലുള്ളത്.
ദുബൈ മുനിസിപ്പാലിറ്റി, ടീകോം, മെയ്ദാൻ തുടങ്ങിയ വിവിധ അധികാരികളുടെ അധികാര പരിധിയിൽ വ്യത്യസ്ത റെസിഡൻഷ്യൽ ഏരിയകൾ ഉൾപ്പെടുന്നു.എല്ലാ പ്രോപ്പർട്ടികൾക്കും നിയമത്തിൽ ഒരു നിശ്ചിത സംഖ്യ പരാമർശിക്കുന്നില്ലെങ്കിലും, ഒരാൾക്ക് താമസിക്കാൻ അനുവദനീയമായ ഏറ്റവും കുറഞ്ഞ ചതുരശ്ര അടി വ്യക്തമാക്കുന്ന മാർഗനിർദേശങ്ങൾ ഈ അധികാരികൾക്ക് സ്ഥാപിക്കാൻ കഴിയും. സാധാരണയായി ഒരാൾക്ക് 40 ചതുരശ്ര അടി മുതൽ 200 ചതുരശ്ര അടി വരെയാണ്.നിയമ വിരുദ്ധമായ പാർട്ടീഷനുകളും തിരക്കും അപകടകരമാകുന്നത് നിരവധി കാരണങ്ങൾ കൊണ്ടാണെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു.അടിയന്തര എക്സിറ്റുകൾ തടയുക, ഇലക്ട്രിക്കൽ സർക്യൂട്ടുകളും യൂട്ടിലിറ്റികളും ഓവർ ലോഡ് ചെയ്യുക,അഗ്നി സുരക്ഷാ കോഡുകൾ ലംഘിക്കുക, അടിയന്തര സേവനങ്ങൾക്ക് പ്രതികരിക്കുന്നത് ബുദ്ധിമുട്ടാക്കുക എന്നിവയാണിവ.അംഗീകൃതമല്ലാത്ത പരിഷ്കാരങ്ങൾ പലപ്പോഴും അഗ്നി സുരക്ഷാ കോഡുകളെ ലംഘിക്കുന്നു. അതുകൊണ്ടാണ് ദുബൈ സിവിൽ ഡിഫൻസ് പരിശോധനകളിൽ പ്രധാന പങ്ക് വഹിക്കുന്നത്. മുൻകാലങ്ങളിൽ, തിരക്കേറിയ പ്രോപ്പർട്ടികളിലുണ്ടായ തീപിടിത്തങ്ങൾ ആളുകളുടെ മരണത്തിനോ അനേകം പേരുടെ പരുക്കിനോ കാരണമായിട്ടുണ്ട്.