ദുബായ് ∙ റാസൽഖോർ വന്യജീവി സങ്കേതം വികസന പ്രവർത്തനങ്ങൾക്കായി താൽക്കാലികമായി അടച്ചിട്ടു. 650 ദശലക്ഷം ദിർഹം ചെലവ് വരുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. വികസനത്തിന്റെ ആദ്യഘട്ടത്തിനായുള്ള കരാർ നൽകിക്കഴിഞ്ഞു. ഇത് അടുത്ത വർഷം അവസാനത്തോടെ പൂർത്തിയാകും.പ്രകൃതിയെ അടുത്തറിയാനും പക്ഷികളെ നിരീക്ഷിക്കാനും സാധിക്കുന്ന റാസൽഖോർ വന്യജീവി സങ്കേതം താമസക്കാർക്ക് ഏറെ പ്രിയപ്പെട്ട കേന്ദ്രമാണ്. ആയിരക്കണക്കിന് പക്ഷികളാണ് ഇവിടുത്തെ തണ്ണീർത്തടങ്ങളിൽ ചേക്കേറുന്നത്. ശൈത്യകാലത്ത് പിങ്ക് ഫ്ലമിംഗോകളുടെ കൂട്ടം ഇവിടുത്തെ പ്രധാന കാഴ്ചയാണ്. ഇവ കൂടാതെ ഗ്രേ ഹെറോണുകൾ, ബ്ലാക്ക്-വിങ്ഡ് സ്റ്റിൽറ്റുകൾ, ഓസ്പ്രെ (മീൻപിടിയൻ പരുന്ത്) തുടങ്ങി ഒട്ടേറെ പക്ഷി വർഗങ്ങളെയും ഇവിടെ സംരക്ഷിക്കുന്നുണ്ട്.പ്രകൃതി സ്നേഹികൾക്കും വന്യജീവികൾക്കും ഒരുപോലെ സമാധാനപരമായി സഹവർത്തിക്കാൻ കഴിയുന്ന തരത്തിൽ സങ്കേതത്തിന് ചുറ്റും വേലി കെട്ടി സംരക്ഷിച്ചിട്ടുണ്ട്. ഉപ്പ് പാടങ്ങൾ, വേലിയേറ്റ ചെളിപാടങ്ങൾ, കണ്ടൽക്കാടുകൾ, തടാകങ്ങൾ എന്നിവയെല്ലാം ഈ തണ്ണീർത്തടത്തിലുണ്ട്. പക്ഷികൾക്ക് കൂടുകൂട്ടാനും സ്വാഭാവിക ആവാസവ്യവസ്ഥ ഒരുക്കാനും ഇവയെല്ലാം സഹായിക്കുന്നു. സന്ദർശകർക്ക് പക്ഷികളെ നിരീക്ഷിക്കാനായി ഒട്ടേറെ ബേർഡ് ഹൈഡുകൾ ഇവിടെയുണ്ട്. കേന്ദ്രത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
കൂടുതൽ ആകർഷണം, സന്ദർശകർക്ക് കൂടുതൽ സൗകര്യം പദ്ധതിയുടെ ആദ്യഘട്ടത്തിൽ ജലസ്രോതസ്സുകളുടെ അളവ് 144 ശതമാനം വർധിപ്പിക്കും. ഇതോടെ ജലാശയങ്ങളുടെ ആകെ വിസ്തീർണം 74 ഹെക്ടറായി ഉയരും. കൂടാതെ, ദേശാടനപ്പക്ഷികൾക്ക് ഭക്ഷണം തേടുന്നതിനും സമുദ്ര-സസ്യ ജീവജാലങ്ങളെ പിന്തുണയ്ക്കുന്നതിനും നിർണായകമായ 10 ഹെക്ടർ ചെളിപാടങ്ങൾ (ഉപ്പ് പാടങ്ങൾ) കൂട്ടിച്ചേർക്കും. രണ്ടാം ഘട്ടത്തിൽ, കൂടുതൽ വന്യജീവികളെ ആകർഷിക്കുന്നതിനായി സ്വാഭാവിക സസ്യങ്ങൾ നട്ടുപിടിപ്പിച്ച് ആവാസവ്യവസ്ഥ മെച്ചപ്പെടുത്തും.