അബൂദബി: യു.എ.ഇ നാഷണൽ ആംബുലൻസ് ഈ വർഷം ആദ്യ പകുതിയിൽ 47,000ത്തിലധികം അടിയന്തര ദൗത്യങ്ങൾ പൂർത്തിയാക്കിയതായി നാഷണൽ ഗാർഡ് കമാൻഡ് അറിയിച്ചു. ഇതിൽ ഗതാഗത അപകടങ്ങൾ, മെഡിക്കൽ അത്യാഹിതങ്ങൾ, മറ്റ് അപകടങ്ങൾ എന്നിവ ഉൾപ്പെടുന്നു. 19,400ലധികം വ്യക്തികൾക്ക് സംഭവ സ്ഥലത്ത് തന്നെ അടിയന്തര പരിചരണം നൽകിയപ്പോൾ 27,800ലധികം പേരെ പ്രത്യേക ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് കൊണ്ടു പോയി.
സാമൂഹിക സുരക്ഷ വർധിപ്പിക്കാനും ദേശീയ അടിയന്തര പ്രതികരണ സംവിധാനത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്താനും തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് നാഷണൽ ഗാർഡ് കമാൻഡ് അധികൃതർ വ്യക്തമാക്കി.
998 എന്ന അടിയന്തര നമ്പർ വഴി 24 മണിക്കൂറും നാഷണൽ ആംബുലൻസ് സേവനങ്ങൾ ലഭ്യമാണെന്ന് നാഷണൽ ഗാർഡ് കമാൻഡ് അറിയിച്ചു.