ഷാർജ: യുനെസ്കോ വേൾഡ് ഹെറിറ്റേജ് കമ്മിറ്റി ഷാർജയുടെ അൽ ഫായ പാലിയോ ലാൻഡ്‌സ്‌കേപ്പിനെ ലോക പൈതൃക പട്ടികയിൽ ഔദ്യോഗികമായി ഉൾപ്പെടുത്തി. ഇതോടെ, ആഗോള പൈതൃക സംരക്ഷണത്തിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സ് സുപ്രധാന നാഴികക്കല്ല് സ്വന്തമാക്കി. പാരിസിൽ നടന്ന യുനെസ്‌കോയുടെ 47-ാമത് വാർഷിക സെഷനിലെ പ്രഖ്യാപനം യു.എ.ഇക്കും വിശാലമായ അറബ് മേഖലയ്ക്കും അപൂർവ ചരിത്ര നിമിഷം സമ്മാനിച്ചു.ഷാർജ എമിറേറ്റിന്റെ മധ്യ മേഖലയിൽ സ്ഥിതി ചെയ്യുന്ന അൽ ഫായ പാലിയോ ലാൻഡ്‌സ്‌കേപ്പ് 200,000 വർഷത്തിലേറെ നീണ്ടുനിന്ന വരണ്ട മരുഭൂ പരിത:സ്ഥിതികളിലെ ആദ്യ കാല മനുഷ്യ സാന്നിധ്യത്തിന്റെ ഏറ്റവും പഴക്കമേറിയതും തുടർച്ചയായതുമായ രേഖകളിൽ ഒന്നാണ്. മികച്ച സാർവത്രിക മൂല്യത്തിനാണ് (ഒ.യു.വി) ഇതോടെ എമിറേറ്റ് സാക്ഷ്യം വഹിക്കുന്നത്.നന്നായി സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഫോസിൽ മരുഭൂമിയായ ഈ സ്ഥലം തെക്കു-കിഴക്കൻ അറേബ്യയിലെ ചരിത്രാതീത ജീവിതത്തെക്കുറിച്ചുള്ള ധാരണയെ പുനർനിർമിക്കുന്നതാണ്. ഒരുകാലത്ത് കുടിയേറ്റ ഇടനാഴികളായി കണക്കാക്കപ്പെട്ടിരുന്ന മരുഭൂമികളിൽ നിന്ന് വ്യത്യസ്തമായി, പതിറ്റാണ്ടുകളുടെ ഗവേഷണത്തിലൂടെയാണ് ഫായയെ ആദ്യ കാല മനുഷ്യ വാസ കേന്ദ്രമായി തിരിച്ചറിഞ്ഞത്. ഇത് ലോക പൈതൃക പട്ടികയിൽ ഇടം നേടുന്ന ആദ്യ മരുഭൂ പാലിയോ ലിത്തിക് സ്ഥലമായും മാറിയിരിക്കുന്നു.

സാംസ്കാരിക ഭൂപ്രകൃതിയുടെ വിഭാഗത്തിൽ, ഈ വർഷം കമ്മിറ്റി പരിഗണിച്ച ഏക അറബ് നാമനിർദേശം ഫായയായിരുന്നു. 2011ൽ ആലേഖനം ചെയ്ത അൽ ഐനിലെ സാംസ്കാരിക ഇടങ്ങൾക്ക് (ജബൽ ഹഫീത്തിന് സമീപം) ശേഷം പട്ടികയിൽ ഉൾപ്പെടുന്ന യു.എ.ഇയിലെ രണ്ടാമത്തെ സ്ഥലമാണിത്.കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി, ഷാർജ പുരാവസ്തു അതോറിറ്റി (എസ്.എ.എ), ട്യൂബിംഗൻ സർവകലാശാല, ഓക്സ്ഫഡ് ബ്രൂക്ക്സ് സർവകലാശാല തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി സഹകരിച്ച് വിപുലമായ പുരാവസ്തു ഖനനങ്ങൾ നടത്തി മരുഭൂ പരിസ്ഥിതിയുമായുള്ള മനുഷ്യന്റെ ദീർഘകാല ഇടപെടലിനെ വിശദീകരിക്കുന്ന 18 വ്യത്യസ്ത പുരാവസ്തു പാളികൾ കണ്ടെത്തി.യു.എ.ഇയുടെ പേരിൽ അംഗീകാരം സ്വീകരിച്ചു കൊണ്ട്, ഫായയുടെ നാമനിർദേശത്തിന്റെ ഔദ്യോഗിക അംബാസഡർ ശൈഖാ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി, മനുഷ്യ രാശിയുടെ കഥയുടെ ഭാഗമായി ഈ സ്ഥലത്തെ അംഗീകരിച്ചതിന് യുനെസ്കോ കമ്മിറ്റിയോട് നന്ദി പറഞ്ഞു.ഫായയിൽ നിന്ന് കണ്ടെത്തിയ 200,000 വർഷത്തിലേറെ പഴക്കമുള്ള ശിലായുധങ്ങൾ നമ്മുടെ പൂർവ്വികരുടെ ജീവിത ശേഷിക്ക് സാക്ഷ്യം വഹിക്കുന്നു -അവർ പറഞ്ഞു. ആദ്യകാല മനുഷ്യ ചരിത്രത്തിന്റെ കളിത്തൊട്ടിലിൽ ഷാർജയുടെ സംഭാവനയെ ഫായ സ്ഥിരീകരിക്കുകയും ആഫ്രിക്കയിൽ നിന്ന് മനുഷ്യ രാശിയുടെ പുറത്തേക്കുള്ള യാത്രയിൽ അറേബ്യൻ ഉപ ദ്വീപിന്റെ കേന്ദ്ര പങ്കിനെ അടിവരയിടുകയും ചെയ്യുന്നു -അവർ കൂട്ടിച്ചേർത്തു