അബുദാബി:ദേശീയ മ്യൂസിയമായ സായിദ് നാഷനൽ മ്യൂസിയം ഡിസംബറിൽ നാടിനു സമർപ്പിക്കും. അബുദാബി സാദിയാത്ത് കൾചറൽ ഡിസ്ട്രിക്റ്റിലാണ് ലോകത്തിലെ ഏറ്റവും വലിയ സാംസ്കാരിക കേന്ദ്രം സ്ഥിതി ചെയ്യുന്നത്. യുഎഇയുടെ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ സ്മരണകൾക്കുള്ള ആദരമാണ് സായിദ് നാഷനൽ മ്യൂസിയം.ഷെയ്ഖ് സായിദിന്റെ കാഴ്ചപ്പാടുകളെ അപ്പാടെ പകർത്തി വയ്ക്കുന്നതിനുള്ള ശ്രമമാണ് ഇതിലൂടെ നടത്തുന്നത്. മ്യൂസിയം സംരക്ഷിത വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്ന ഇടം മാത്രമല്ല, ഭാവി തലമുറയോടുള്ള ഉറപ്പും, രാജ്യത്തിന്റെ അസ്ഥിത്വത്തിന്റെ അടയാളവും കൂടിയാണ്. പ്രാചീന ശിലായുഗം, നവീന ശിലായുഗം, വെങ്കല യുഗം, ഇരുമ്പ് യുഗം എന്നീ കാലഘട്ടങ്ങളിലെ ചരിത്രശേഷിപ്പുകൾ മ്യൂസിയത്തിലുണ്ട്. ലോകത്തിലെ ഏറ്റവും പുരാതന മുത്ത് (അബുദാബി പ്രകൃതിദത്ത മുത്ത്), കൈപ്പടയിൽ എഴുതിയ ബ്ലൂ ഖുർആൻ, പഴയകാല മഗൻ ബോട്ടിന്റെ പുനരാവിഷ്കാരം എന്നിവയാണ് മ്യൂസിയത്തിലെ പ്രധാന ആകർഷണം.