അബൂദബി: പുതിയ അംബാസഡർമാരുടെ യോഗ്യതാ പത്രങ്ങൾ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ സ്വീകരിച്ചു. ബ്രസീലിന്റെ യു.എ.ഇ അംബാസഡറായി നിയമിതനായ ശരീഫ് ഈസാ മുഹമ്മദ് അൽ സുവൈദി ശൈഖ് മുഹമ്മദിന് മുൻപാകെ സത്യപ്രതിജ്ഞ ചെയ്തു.അബൂദബിയിൽ നടന്ന ചടങ്ങിൽ യു.എ.ഇ വൈസ് പ്രസിഡന്റും ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്‌യാനും സംബന്ധിച്ചു. യു.എ.ഇയിലേയ്ക്ക് പുതുതായി നിയമിതരായ നിരവധി അംബാസഡർമാരുടെ യോഗ്യതാ പത്രങ്ങളും യു.എ.ഇ പ്രസിഡന്റ് സ്വീകരിച്ചു. പരസ്പര ബഹുമാനം, സഹകരണം, പങ്കിടുന്ന താൽപര്യങ്ങൾ എന്നിവയിൽ അധിഷ്ഠിതമായ, വിവിധ രാജ്യങ്ങളുമായി ആശയ വിനിമയവും സഹകരണവും കെട്ടിപ്പടുക്കാനുള്ള യു.എ.ഇയുടെ സമീപനത്തെ പ്രതിഫലിപ്പിക്കുന്ന ഉഭയ കക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ ബ്രസീലിലെ അംബാസഡർ വിജയിക്കട്ടെയെന്ന് ശൈഖ് മുഹമ്മദ് ആശംസിച്ചു.പുതുതായി വന്ന അംബാസഡർമാരെ അദ്ദേഹം സ്വാഗതം ചെയ്യുകയും, അവരുടെ ചുമതലകൾ നിർവഹിക്കാൻ ബന്ധപ്പെട്ട അധികാരികളുടെ പൂർണ പിന്തുണ ലഭിക്കുമെന്ന് അവർക്ക് ഉറപ്പ് നൽകുകയും ചെയ്തു.