ദുബായ് : പണമോ കാർഡുകളോ ഇല്ലാതെ കൈയിൽ ഒരു മൊബൈൽ ഫോൺ മാത്രം ഉപയോഗിച്ച് ഇന്ത്യക്കാർക്ക് യാത്ര നടത്താൻ കഴിയുന്ന സൗകര്യം ഉടൻ നടപ്പാക്കുമെന്ന് ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ.യു.എ.ഇയുടെ ഡിജിറ്റൽ പേയ്‌മെൻ്റ് ആർക്കിടെക്ചറുമായി ഇന്ത്യയുടെ തത്സമയ, അക്കൗണ്ട്-റ്റു-അക് അക്കൗണ്ട് പേയ്‌മെൻ്റ് സിസ്റ്റമായ യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ് (യു.പി.ഐ) പൂർണമായി സംയോജിപ്പിച്ച ശേഷമാണീ സൗകര്യം താമസിയാതെ നടപ്പാവാൻ പോകുന്നത്. ഇന്ത്യൻ പ്രവാസികളുടെയും ഇന്ത്യൻ യാത്രക്കാരുടെയും അനുഭവം ഇനിയൊരിക്കലും പഴയതു പോലെയാവില്ലെന്നും കോൺസുലേറ്റിൽ നടന്ന വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
നാഷണൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ) എം.ഡിയും സി.ഇ.ഒയുമായ റിതേഷ് ശുക്ലയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
യു.പി.ഐ സ്വീകാര്യതയുടെ വ്യാപനത്തെക്കുറിച്ച് അവബോധം വളർത്തുക എന്നതാണ് നാഷണൽ പേയ്‌മെൻ്റ് കോർപറേഷൻ ഓഫ് ഇന്ത്യ(എൻ.പി.സി.ഐ)യുടെ അന്താരാഷ്ട്ര വിഭാഗമായ എൻ.പി.സി.ഐ.ഐ ഇൻ്റർനാഷണൽ പേയ്‌മെൻ്റ്സ് ലിമിറ്റഡ് (എൻ.ഐ.പി.എൽ) സംഘടിപ്പിച്ച പരിപാടിയുടെ ലക്ഷ്യം.
”ഈ സുഗമമായ അനുഭവം എത്രയും വേഗം ഇന്ത്യൻ ഉപയോക്താക്കൾക്ക് ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കാൻ യു.എ.ഇയിലെ വ്യാപാര സ്ഥാപനങ്ങൾ, പേയ്‌മെന്റ് സൊല്യൂഷൻ ദാതാക്കൾ, ബാങ്കുകൾ എന്നിവയുമായി എൻ.ഐ.പി.എൽ മികവുറ്റ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നതിൽ എനിക്ക് സന്തോഷമുണ്ട്” -കോൺസുൽ ജനറൽ പറഞ്ഞു. 2024ൽ 5.5 ദശലക്ഷം ഇന്ത്യൻ വിനോദ സഞ്ചാരികൾ യു.എ.ഇ സന്ദർശിച്ചതായി ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമർശം.
ഇന്ത്യയുടെ യു.പി.ഐയുടെയും യു.എ.ഇയുടെ എ.എ.എൻ.ഐയുടെയും ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളുടെ പൂർണമായ സംയോജനം നമ്മുടെ ഉഭയ കക്ഷി സാമ്പത്തിക ഇടപാടുകളുടെ ഇക്കോ സിസ്റ്റത്തിൽ വിപ്ലവം സൃഷ്ടിക്കും. കഴിഞ്ഞ ദശകത്തിൽ ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തത്തിൽ സൃഷ്ടിച്ച ആദ്യ നേട്ടങ്ങളുടെ തൊപ്പിയിലെ പൊൻതൂവലായി ഇത് മാറും” -അദ്ദേഹം കൂട്ടിച്ചേർത്തു.
യു.പി.ഐ സംയോജനം യാഥാർഥ്യമാകുന്നതിലൂടെ മൊബൈൽ ഫോണുകൾ മാത്രം ഉപയോഗിച്ച് താമസിയാതെ ഇന്ത്യൻ യാത്രക്കാർക്ക് യു.എ.ഇ സന്ദർശിക്കാൻ കഴിയും. ഇന്ത്യൻ യാത്രക്കാർക്ക് പാസ്‌പോർട്ടും മൊബൈലും മാത്രം കൈയിൽ കരുതി പർചേസിങ് നടത്താൻ കഴിയുന്ന സാഹചര്യവുമുണ്ടാകും. ക്രെഡിറ്റ് കാർഡുകളോ ഡെബിറ്റ് കാർഡുകളോ കൊണ്ടുപോകേണ്ടതില്ല. ദിർഹമോ ഡോളറോ രൂപയോ കയ്യിൽ കരുതേണ്ടതില്ല. ദുബൈയിൽ താമസിക്കാനും എല്ലാ കാര്യങ്ങളും തടസ്സമില്ലാതെ നിർവഹിക്കാനും പർചേസ് നടത്താനും തങ്ങളുടെ യു.പി.ഐ ആപ്പ് ഉപയോഗിച്ച് നിർവഹിക്കാനാകും.യു.പി.ഐയുടെ സ്വീകാര്യത വർധിപ്പിക്കുന്ന പ്രവർത്തനമാണ് തങ്ങൾ വിഭാവനം ചെയ്തിട്ടുള്ളതെന്ന് റിതേഷ് ശുക്ല വെളിപ്പെടുത്തി.
ദശലക്ഷക്കണക്കിന് ഇന്ത്യൻ യാത്രക്കാർക്കും താമസക്കാർക്കും സമാനതകളില്ലാത്ത സൗകര്യം നൽകുന്ന ഒരു നാഴികക്കല്ല് മാത്രമല്ല, രണ്ട് ഊർജസ്വല സമ്പദ് വ്യവസ്ഥകൾക്കിടയ്ക്കുള്ള ഡിജിറ്റൽ പാലത്തെ ശക്തിപ്പെടുത്തുന്നതുമാണീ നീക്കമെന്നും അദ്ദേഹം വിശദീകരിച്ചു.

യു.എ.ഇയിലെ ആയിരക്കണക്കിന് വ്യാപാര കേന്ദ്രങ്ങളിൽ യു.പി.ഐ ക്യു.ആർ കോഡ് സ്വീകാര്യത സാധ്യമാക്കാനായി എൻ.ഐ.പി.എൽ മാഗ്നാറ്റി, നെറ്റ്‌വർക് ഇന്റർനാഷണൽ, അൽ ഇത്തിഹാദ് പേയ്‌മെന്റ്‌സ് (എ.ഇ.പി), മശ്രിഖിന്റെ നിയോപേ എന്നിവയുമായും മറ്റുള്ളവയുമായും തന്ത്രപരമായ പങ്കാളിത്തങ്ങൾ എൻ.ഐ.പി.എൽ രൂപപ്പെടുത്തിയിട്ടുണ്ട്.യു.എ.ഇയിലെ ഞങ്ങളുടെ വികസനം ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ് നൂതനാശയങ്ങളിൽ ആഗോള തലത്തിൽ വർധിച്ചു വരുന്ന ആത്മവിശ്വാസത്തിന്റെ തെളിവാണ്. നിയോപേ, നെറ്റ്‌വർക്, മാഗ്നാറ്റി എന്നിവയുമായുള്ള ഞങ്ങളുടെ പങ്കാളിത്തം പരിശോധിച്ചാൽ, യു.പി.ഐ സ്വീകാര്യതയ്ക്കുള്ള വിപണിയുടെ 80 ശതമാനവും ഇപ്പോൾ ഞങ്ങൾ ഉൾക്കൊള്ളുന്നു -ശുക്ല അവകാശപ്പെട്ടു.
