ദുബായ് :’പഠിക്കുക, കളിക്കുക, നമ്മുടെ സമൂഹത്തെ കെട്ടിപ്പടുക്കുക’ എന്ന വിഷയത്തിൽ ദുബൈ മുനിസിപ്പാലിറ്റി ഓഗസ്റ്റ് 7 വരെ സംഘടിപ്പിക്കുന്ന ചിൽഡ്രൻസ് സിറ്റി സമ്മർ ക്യാമ്പിന്റെ അഞ്ചാം സീസണിന് ഇന്നലെ തുടക്കം കുറിച്ചു. 7നും 12നുമിടയിൽ പ്രായമുള്ള 100 കുട്ടികളെ ഉൾപ്പെടുത്തിയുള്ള ഈ ക്യാംപ് വിദ്യാഭ്യാസത്തെ കളിയുമായി സംയോജിപ്പിക്കാനും, പ്രധാന മൂല്യങ്ങൾ വളർത്തിയെടുക്കാനും, സുരക്ഷിതവും ആകർഷകവുമായ അന്തരീക്ഷത്തിൽ യുവ പ്രതിഭകളെ വളർത്തിയെടുക്കാനുമായി രൂപകൽപന ചെയ്ത സമഗ്ര പരിപാടിയാണ് മുന്നോട്ടു വയ്ക്കുന്നത്.സർഗാത്മകത വികസിപ്പിക്കാനും, സ്വഭാവ രൂപീകരണത്തിനും; സുസ്ഥിരത, ആരോഗ്യം, പോഷകാഹാരം എന്നിവയെക്കുറിച്ചുള്ള കുട്ടികളുടെ അവബോധം വർധിപ്പിക്കാനും സഹായിക്കുന്ന സംവേദനാത്മക ശില്പശാലകളും പ്രായോഗിക അനുഭവങ്ങളും ക്യാംപിൽ ഉൾപ്പെടുന്നു. പ്രാക്ടിക്കൽ സെഷനുകളുടെയും പ്രത്യേക ആക്ടിവിറ്റികളുടെയും പരമ്പര പങ്കാളികളെ അർത്ഥവത്തായതും പ്രായത്തിനനുസൃതവുമായ രീതിയിൽ ഈ വിഷയങ്ങൾ പര്യവേക്ഷണം ചെയ്യാൻ സഹായിക്കുന്നു.
വിശാലമായ സാമൂഹിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനോടൊപ്പം തന്നെ, കുട്ടികളുടെ ക്ഷേമത്തിനും വികസനത്തിനും പിന്തുണ നൽകാനുള്ള ദുബൈ മുനിസിപ്പാലിറ്റിയുടെ പ്രതിബദ്ധതയെ വേനൽക്കാല സംരംഭം പ്രതിഫലിപ്പിക്കുന്നു. എമിറേറ്റിലുടനീളമുള്ള കുട്ടികൾക്കായി സുസ്ഥിരവും, മുൻകൈയെടുക്കുന്നതും, ശാക്തീകരിക്കുന്നതുമായ ഒരു വിദ്യാഭ്യാസ ആവാസ വ്യവസ്ഥ വളർത്തിയെടുക്കാൻ ലക്ഷ്യമിടുന്ന ദുബൈ സോഷ്യൽ അജണ്ട 33 ന്റെ ലക്ഷ്യങ്ങളുമായി ഇത് യോജിക്കുന്നു. ഇതിൽ പങ്കെടുക്കുന്നവർ സുരക്ഷ, പരിസ്ഥിതി സുസ്ഥിരത, കൃഷി എന്നിവയെക്കുറിച്ചുള്ള വർക്ക്‌ഷോപ്പുകൾ ഉൾപ്പെടെ വിവിധ വിദ്യാഭ്യാസ-വിനോദ-കായിക-അവബോധ പ്രവർത്തനങ്ങളിൽ ഏർപ്പെടും. കരകൗശല വസ്തുക്കൾ, സംവേദനാത്മക ഷോകൾ, ദുബൈയിലെ പ്രമുഖ സ്ഥലങ്ങളിലേക്കുള്ള ഓഫ്-സൈറ്റ് യാത്രകൾ എന്നിവയും പരിപാടിയിൽ ഉൾപ്പെടുന്നു. ഇത് മികച്ച വേനൽ അനുഭവം പ്രദാനം ചെയ്യുന്നു.

രണ്ട് സൈക്കിളുകളിലായാണ് ക്യാംപ് നടക്കുക. ആദ്യത്തേത് ജൂലൈ 14 മുതൽ 24 വരെയും, രണ്ടാമത്തേത് ജൂലൈ 28 മുതൽ ഓഗസ്റ്റ് 7 വരെയുമായിരിക്കും. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7.30 നും ഉച്ച 2നുമിടയിൽ പരിപാടികൾ നടക്കും.ദുബൈ മുനിസിപ്പാലിറ്റി നടത്തുന്ന നിരവധി വിനോദ സൗകര്യങ്ങളിൽ ഒന്നാണ് ചിൽഡ്രൻസ് സിറ്റി. എല്ലാ സമൂഹ വിഭാഗങ്ങൾക്കും ലോകോത്തര സൗകര്യങ്ങളുൾക്കൊള്ളുന്ന പരിപാടികളാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. കുട്ടികൾക്കായി സമർപ്പിച്ചിരിക്കുന്ന യു.എ.ഇയിലെ ആദ്യ വിദ്യാഭ്യാസ-വിനോദ നഗരമെന്ന നിലയിൽ, ചിൽഡ്രൻസ് സിറ്റി 24 വർഷത്തിലേറെയായി കുരുന്നുകളുടെ ഇടപെടലിന്റെ ആധാരശിലയായി പ്രവർത്തിക്കുന്നു. ആഗോള തലത്തിലെ മികച്ച രീതികളുമായി പൊരുത്തപ്പെടുന്ന സംവേദനാത്മക പ്രദർശനങ്ങളിലൂടെയും വിദ്യാഭ്യാസ പരിപാടികളിലൂടെയും കുട്ടികളുടെ ശാസ്ത്രീയ അറിവും സൃഷ്ടിപരമായ കഴിവുകളും വർധിപ്പിക്കുന്ന പ്രവർത്തനങ്ങൾ ചിൽഡ്രൻ സിറ്റി തുടരുന്നു.