ദുബായ് : ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ ഹരിതവൽക്കരണത്തിന്റെ ഭാഗമായി ദുബൈ മുനിസിപ്പാലിറ്റി 190 മില്യൺ ദിർഹമിന്റെ പദ്ധതികൾ നടപ്പാക്കി. 3 ദശലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിലാണ് പദ്ധതികൾ നടപ്പാക്കിയത്.ലത്തീഫ ബിൻത് ഹംദാൻ സ്ട്രീറ്റുമായുള്ള അൽ ഖൈൽ റോഡിന്റെ ജങ്ഷൻ, ട്രിപ്പോളി സ്ട്രീറ്റുമായുള്ള ശൈഖ് സായിദ് ബിൻ ഹംദാൻ സ്ട്രീറ്റിന്റെ ജങ്ഷൻ, ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റുമായുള്ള ജംഗ്ഷനിൽ നിന്ന് അൽ മിനാ റോഡിലേക്കുള്ള ശൈഖ് റാഷിദ് സ്ട്രീറ്റ്, 7-ാമത് ഇന്റർചേഞ്ചിൽ നിന്ന് ശൈഖ് സായിദ് റോഡ് (അബൂദബിയിൽ നിന്ന് ദുബൈയിലേക്കുള്ള പ്രവേശന കവാടം), അൽ അമർദി സ്ട്രീറ്റുമായുള്ള ജങ്ഷനിലെ അൽ ഖവാനീജ് സ്ട്രീറ്റ് എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് ലാൻഡ്‌സ്കേപ്പിംഗ് പ്രവർത്തനങ്ങൾ നടത്തിയത്.
300,000ത്തിലധികം വൃക്ഷ തൈകളാണ് ഇക്കാലയളവിൽ മുനീസിപ്പാലിറ്റി നട്ടു പിടിപ്പിച്ചത്. കൂടാതെ 222,500 ചതുരശ്ര മീറ്റർ പ്രദേശത്ത് പുൽത്തകിടികളും പൂക്കളും വച്ചുപിടിപ്പിച്ചു. ഭൂഗർഭ-സ്മാർട്ട്, സുസ്ഥിര ജലസേചന സംവിധാനങ്ങൾ പദ്ധതികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐ.ഒ.ടി) സാങ്കേതിക വിദ്യയിലധിഷ്ഠിതമായ റിമോട്ട് കൺട്രോൾ നെറ്റ്‌വർക്കുകളുമായി ഈ സംവിധാനങ്ങൾ ബന്ധിപ്പിച്ചിരിക്കുന്നു.
കോറിസിയ, വാഷിംഗ്ടോണിയ, റോയൽ പോയിൻസിയാന, മില്ലിംഗ്ടോണിയ, ആൽബിസിയ, ബൊഗൈൻവില്ല എന്നിവയുൾപ്പെടെയുള്ള അലങ്കാര ഇനങ്ങൾക്കൊപ്പം സിദ്ർ, ഗാഫ്, വേപ്പ് തുടങ്ങിയ നാടൻ മരങ്ങളും പദ്ധതികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ദുബൈയുടെ നഗര സൗന്ദര്യം വർധിപ്പിക്കുന്നതിനും പൊതു ഇടങ്ങളുടെ ആകർഷണീയത മെച്ചപ്പെടുത്തുന്നതിനുമുള്ള മുനിസിപ്പാലിറ്റിയുടെ നിരന്തര ശ്രമങ്ങളുടെ ഭാഗമാണ് പുതിയ ലാൻഡ്‌സ്കേപ്പിംഗ് പദ്ധതികളെന്ന് ദുബൈ മുനിസിപ്പാലിറ്റി ഡയരക്ടർ ജനറൽ എൻജിനീയർ മർവാൻ അഹമ്മദ് ബിൻ ഗലീത്ത പറഞ്ഞു.
2024ൽ മാത്രം പ്രതിദിനം ശരാശരി 600 പുതിയ മരങ്ങൾ എന്ന തോതിൽ മുനിസിപ്പാലിറ്റി 216,500 മരങ്ങൾ നട്ടു പിടിപ്പിച്ചു. 2023ൽ 234 ഹെക്ടറായിരുന്ന ഹരിത ഇടങ്ങളുടെ ആകെ വിസ്തീർണ്ണം 2024ൽ 391.5 ഹെക്ടറായി വർധിച്ചു.