ദുബായ് : ദുബായിലുടനീളമുള്ള ഡെലിവറി മോട്ടോർസൈക്കിളുകളെ ലക്ഷ്യമിട്ട് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (RTA) നേതൃത്വത്തിൽ 1,059 പരിശോധനകൾ നടത്തി. ദുബൈ പൊലീസ്, മനുഷ്യവിഭവശേഷിയും അമീരത്തീകരണ മന്ത്രാലയം, ദുബൈ മുനിസിപ്പാലിറ്റി, ദുബൈ ഹെൽത്ത് അതോറിറ്റി എന്നിവയുമായി സഹകരിച്ചാണ് ഈ സംയുക്ത നിരീക്ഷണ ക്യാമ്പെയ്ൻ നടത്തിയത്.

ഡൗൺടൗൺ ദുബൈ, ജുമൈറ, മോട്ടോർ സിറ്റി തുടങ്ങിയ തിരക്കേറിയ പ്രദേശങ്ങളിലാണ് പരിശോധനകൾ നടന്നത്. സുരക്ഷാ ഉപകരണങ്ങൾ ധരിക്കാതെ വാഹനമോടിക്കൽ, ആര്‍ടിഎയുടെ ലൈസൻസിങ് ഏജൻസി നൽകിയ പ്രൊഫഷണൽ പരിശീലന സർട്ടിഫിക്കറ്റ് ഇല്ലാതെ മോട്ടോർസൈക്കിൾ ഓടിക്കൽ, അപകടം വരുത്താവുന്ന രീതിയിലുള്ള ഡ്രൈവിംഗ് തുടങ്ങി നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയതായി ആര്‍ടിഎ ലൈസൻസിങ് ഏജൻസി സി.ഇ.ഒ അഹ്മദ് മഹ്ബൂബ് അറിയിച്ചു. നിബന്ധനകൾ ലംഘിച്ചതിന് 19 മോട്ടോർസൈക്കിളുകൾ പിടിച്ചെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

ഡെലിവറി ജീവനക്കാർക്കായി സുരക്ഷാ നിർദേശങ്ങളും സേവന നിബന്ധനകളും ഉൾപ്പെടുത്തി തയ്യാറാക്കിയ വിദ്യാഭ്യാസ വീഡിയോകളിലേക്ക് ആക്‌സസ് നൽകുന്ന ക്യൂആർ കോഡുകളും ആർടിഎ വിതരണം ചെയ്തു. നിയമങ്ങൾ കർശനമായി പാലിച്ച് സുരക്ഷിതവും കാര്യക്ഷമവുമായ പ്രവർത്തന പരിസ്ഥിതി ഉറപ്പാക്കണമെന്ന് കമ്പനികൾക്ക് ആർടിഎ മുന്നറിയിപ്പ് നൽകി.
ഗ്ലോബൽ തലത്തിൽ സമതുലിതവും സുസ്ഥിരവുമായ ഗതാഗതം ഉറപ്പാക്കാൻ നടത്തുന്ന സംയുക്ത പരിശോധനകളും ബോധവൽക്കരണ ക്യാമ്പെയ്‌നുകളും തുടരുമെന്ന് ആർടിഎ വ്യക്തമാക്കി. സ്റ്റ്രാറ്റജിക് പങ്കാളികളുമായി ചേർന്ന് സർക്കുലറുകളും നിയന്ത്രണ നിർദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്.