ഷാർജ:ഷാര്‍ജയില്‍ ഒന്നരവയസുകാരിയായ മകളെ കൊലപ്പെടുത്തി ആത്‍മ ഹത്യ ചെയ്ത മലയാളി യുവതി വിപഞ്ചികയുടെ മാതാവ് ഷൈലജ ഷാർജയിൽ എത്തി.ബന്ധുവിനൊപ്പം ഇന്ന് ചൊവ്വാഴ്‌ച പുലർച്ചെയാണ് ഷാർജയിൽ എത്തിയത്. മകളുടേയും കുട്ടിയുടേയും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകണന്ന ആവശ്യം അധികൃതരെ അറിയിക്കും. വിപഞ്ചികയുടെ സഹോദരൻ വിനോദും രാത്രി ഷാർജയിൽ എത്തും. വിപഞ്ചികയുടെ ഭർത്താവ് നിധീഷിനെതിരേ ഷാർജയിൽ പരാതി നൽകാനും വിപഞ്ചികയുടെ കുടുംബം ആലോചിക്കുന്നുണ്ട്. ഇന്ത്യൻ കോൺസുലേറ്റ് അധികൃതരുമായി ബന്ധുക്കൾ സംസാരിക്കും.രണ്ടുപേരുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകണമെന്നാണ് ആഗ്രഹമെന്നും ഷൈലജ പറഞ്ഞു.’മൃതദേഹം നിതീഷിന്റ് വീട്ടിൽ സംസ്കരിച്ചാലും വിഷമമില്ല. രണ്ടുപേരുടെ മൃതദേഹങ്ങളും നാട്ടിൽ എത്തിച്ച് ജനിച്ച മണ്ണിൽ സംസ്കരിക്കണം. അതിന് അനുവദിക്കണമെന്നാണ് അഭ്യർഥന’. ഷാർജയിൽ സംസ്കരിക്കണമെന്ന് നിതീഷ് വാശിപിടിക്കുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ലെന്നും ഷൈലജ പറഞ്ഞു.

ഇന്ന് രാവിലെയാണ് കുഞ്ഞിനെ നിതീഷിന് കൈമാറാൻ കോടതി ഉത്തരവിട്ടത്. ഇയാളുടെ പേരിൽ എന്തെങ്കിലുമൊരു കേസ് നേരത്തെ വിപഞ്ചിക നൽകിയിരുന്നെങ്കിൽ തീരുമാനം മറ്റൊന്നാകുമായിരുന്നു. എന്നാൽ എത്ര പീഡനം സഹിച്ചിട്ടും നിതീഷിനോടുള്ള സ്നേഹം കാരണം മകൾ അത് ചെയ്തില്ലെന്നും ഷൈലജ പറഞ്ഞു. നേരത്തെ, മാതാവ് ഷൈലജ നൽകിയ പരാതിയിൽ വിപഞ്ചികയുടെ ഭർത്താവ് ദുബായിലെ സ്വകാര്യ കമ്പനിയിൽ ഫെസിലിറ്റീസ് എൻജിനീയറായ നിതീഷ് മോഹനെ ഒന്നാം പ്രതിയാക്കി കൊല്ലം കുണ്ടറ പൊലീസ് കേസെടുത്തിരുന്നു. ഇയാളുടെ സഹോദരി രണ്ടാം പ്രതിയും പിതാവ് മോഹനൻ മൂന്നാം പ്രതിയുമാണ്. വിപഞ്ചികയുടെയും മകൾ വൈഭവിയെടുയും മൃതദേഹങ്ങൾ നാട്ടിലെത്തിയ ശേഷം വീണ്ടും പോസ്റ്റുമോർട്ടത്തിന് ആവശ്യപ്പെടുമെന്ന് കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു. ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ ഗുരുതര ആരോപണങ്ങളുന്നയിക്കുന്ന വിപഞ്ചികയുടെ ആറോളം പേജ് വരുന്ന ആത്മഹത്യാക്കുറിപ്പ് കഴിഞ്ഞ ദിവസം ഫെയ്സ്ബുക് പേജിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
സംഭവത്തിൽ ഭർത്താവിന്റെയും ബന്ധുക്കളുടെയും പേരിൽ കേരളാ പോലീസ് കേസെടുത്തിട്ടുണ്ട്. സ്ത്രീധനപീഡനം, ഗാർഹികപീഡനം, ആത്മഹത്യാപ്രേരണ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഭർത്താവ് നിധീഷ്, ഭർത്തൃസഹോദരി നീതു, നിധീഷിൻ്റെ അച്ഛൻ എന്നിവർ ഒന്നുമുതൽ മൂന്നുവരെ പ്രതികളാണ്.
