ദുബായ് ∙ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് സർക്കാർ ജീവനക്കാരായ യുഎഇ പൗരന്മാർക്ക് വിവാഹ അവധി അനുവദിച്ച് ഉത്തരവിട്ടു. പൂർണ ശമ്പളത്തോടുകൂടിയ 10 പ്രവൃത്തി ദിവസത്തെ വിവാഹ അവധിക്കാണ് അർഹത. ജീവനക്കാർക്ക് ഈ വിവാഹ അവധി മറ്റ് അവധികളുമായി സംയോജിപ്പിക്കാനും അനുവാദമുണ്ട്.ഈ അവധിക്ക് അർഹത ലഭിക്കാൻ ജീവനക്കാരുടെ പങ്കാളി യുഎഇ പൗരൻ/പൗരയായിരിക്കണം. ജീവനക്കാരൻ നിയമപ്രകാരമുള്ള പ്രൊബേഷൻ കാലയളവ് വിജയകരമായി പൂർത്തിയാക്കിയിരിക്കണം. കൂടാതെ, വിവാഹ ഉടമ്പടി രാജ്യത്തെ ബന്ധപ്പെട്ട അധികാരി സാക്ഷ്യപ്പെടുത്തുകയും 2024 ഡിസംബർ 31-ന് ശേഷം നടന്നിരിക്കുകയും വേണം. അവധിക്ക് അപേക്ഷിക്കുമ്പോൾ വിവാഹ ഉടമ്പടിയുടെ ഒരു പകർപ്പ് ഒരു തവണ മാത്രം സമർപ്പിച്ചാൽ മതിയാകും.വിവാഹ അവധി കാലയളവിൽ, ജീവനക്കാരന് അലവൻസുകൾ ഉൾപ്പെടെയുള്ള പൂർണമായ മൊത്ത ശമ്പളത്തിന് അർഹതയുണ്ട്. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ ഈ അവധി തുടർച്ചയായിട്ടോ അല്ലാതെയോ ഉപയോഗിക്കാം. പ്രധാനപ്പെട്ട കാരണങ്ങളുണ്ടെങ്കിൽ നേരിട്ടുള്ള മേലധികാരിയുടെ അനുമതിയോടെ അവധി അടുത്ത വർഷത്തേക്ക് മാറ്റാനും സർക്കാർ സ്ഥാപനത്തിന് അനുമതി നൽകാം.വിവാഹ അവധിയിലായിരിക്കുമ്പോൾ സൈനികരെ അടിയന്തര സാഹചര്യങ്ങളിൽ തിരിച്ചുവിളിക്കാമെന്നതൊഴിച്ചാൽ ഒരു സർക്കാർ സ്ഥാപനത്തിനും ജീവനക്കാരനെ തിരിച്ചുവിളിക്കാൻ കഴിയില്ല. അങ്ങനെയെങ്കിൽ അവധിയുടെ ശേഷിക്കുന്ന ഭാഗം കോൾ-അപ്പ് കാലയളവിന് ശേഷം നീട്ടിനൽകും. ദേശീയ സേവനത്തിനോ റിസർവ് സേവനത്തിനോ വേണ്ടി ജീവനക്കാരനെ തിരിച്ചുവിളിക്കുകയാണെങ്കിൽ അവധിയുടെ ശേഷിക്കുന്ന ദിവസങ്ങൾ സേവനം പൂർത്തിയാക്കിയ ശേഷം ഒരു വർഷത്തിനുള്ളിൽ ഉപയോഗിക്കാൻ അനുവദിക്കും. ഒരു ജീവനക്കാരനെ മറ്റൊരു സർക്കാർ സ്ഥാപനത്തിലേക്ക് മാറ്റുകയോ നിയമിക്കുകയോ ചെയ്താൽ മുൻ സ്ഥാപനത്തിൽ ഈ അവധി ഉപയോഗിച്ചിട്ടില്ലെങ്കിൽ വിവാഹ അവധിയോ ഉപയോഗിക്കാത്ത ഭാഗമോ എടുക്കാൻ അവർക്ക് അവകാശമുണ്ടാകും.ഈ ഉത്തരവ് സർക്കാർ സ്ഥാപനങ്ങളിലേയും പ്രത്യേക വികസന, സ്വതന്ത്ര മേഖലകളിലെയും യുഎഇ പൗരന്മാരായ ജീവനക്കാർക്ക് ബാധകമാണ്. കൂടാതെ, ദുബായ് ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്റർ, ദുബായിലെ ജുഡീഷ്യറിയിലെ യുഎഇ പൗരന്മാർ, സൈനിക ഉദ്യോഗസ്ഥർ എന്നിവർക്കും ഇത് ബാധകമാണ്. എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാൻ ഈ ഉത്തരവിലെ വ്യവസ്ഥകൾ നടപ്പിലാക്കാൻ ആവശ്യമായ തീരുമാനങ്ങൾ പുറത്തിറക്കും. ഈ ഉത്തരവിലെ വ്യവസ്ഥകളുമായി വൈരുധ്യമുള്ള ഏതൊരു നിയമത്തിലെ വ്യവസ്ഥകളും ഇതോടെ അസാധുവാകും