ദുബായ്: വിദ്യാർഥികൾക്കും സ്കൂൾ ജീവനക്കാർക്കും പാർക്കിങ് ചെലവ് ലാഭിക്കാൻ സഹായിക്കുന്ന പുതിയ പ്രതിമാസ പാർക്കിങ് സബ്‌സ്‌ക്രിപ്‌ഷനുകൾ പ്രഖ്യാപിച്ച് പാർക്കിൻ കമ്പനി. ഇന്നലെയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. വിദ്യാർഥികൾക്കും അധ്യാപകർക്കും മൾട്ടി-സ്റ്റോറി പാർക്കിങ് ഉപയോഗിക്കുന്നവർക്കുമായാണ് പുതിയ സബ്‌സ്‌ക്രിപ്‌ഷനുകൾ അവതരിപ്പിച്ചിരിക്കുന്നത്.സ്വന്തമായി കാറുകളുള്ള വിദ്യാർഥികൾക്ക് ഇനി പ്രതിമാസം 100 ദിർഹം മുതൽ ആരംഭിക്കുന്ന സീസണൽ പാർക്കിങ് പെർമിറ്റിനായി സബ്‌സ്‌ക്രൈബ് ചെയ്യാം. വിദ്യാർഥികൾക്ക് അവരുടെ ക്യാംപസിന്റെ 500 മീറ്റർ ചുറ്റളവിലുള്ള സോൺ കോഡുകളായ എ, ബി, സി,ഡി എന്നിവയിലെ റോഡരികിലെയും പ്ലോട്ടുകളിലെയും പാർക്കിങ് സൗകര്യങ്ങൾ ഈ സബ്‌സ്‌ക്രിപ്‌ഷൻ വഴി പ്രയോജനപ്പെടുത്താം എന്ന് ദുബായിലെ ഏറ്റവും വലിയ പെയ്ഡ് പബ്ലിക് പാർക്കിങ് സേവന ദാതാക്കളായ പാർക്കിൻ അറിയിച്ചു. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും പ്രതിമാസം 100 ദിർഹം മുതൽ സീസണൽ പാർക്കിങ് കാർഡിനായി സബ്‌സ്‌ക്രൈബ് ചെയ്യാം. ഇത് അവർക്ക് ക്യാംപസിനടുത്ത് സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമായ പാർക്കിങ് ആനുകൂല്യങ്ങൾ നൽകും.പ്രതിമാസം 735 ദിർഹം മുതൽ മൾട്ടി-സ്റ്റോറി പാർക്കിങ് സബ്‌സ്‌ക്രിപ്‌ഷനും ഇപ്പോൾ ലഭ്യമാണ്. ഇത് ദുബായിലെ വീടുകൾ, ജോലിസ്ഥലം, അല്ലെങ്കിൽ ഇഷ്ടപ്പെട്ട സ്ഥലങ്ങൾ എന്നിവിടങ്ങളിൽ “സൗകര്യപ്രദമായ മൾട്ടി-സ്റ്റോറി പാർക്കിങ്” നൽകുമെന്ന് പാർക്കിൻ അധികൃതർ പറഞ്ഞു. കഴിഞ്ഞ ഏപ്രിലിൽ ദുബായിൽ വേരിയബിൾ പാർക്കിങ് ഫീസ് പ്രാബ്യലത്തിൽ വന്നതിന് ശേഷം ചെലവുകൾ വർധിക്കുന്നതിനെക്കുറിച്ച് ഒട്ടേറെ വാഹനയുടമകൾ ആശങ്ക ഉന്നയിച്ചിരുന്നു.