ഷാർജ : ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഷാർജ ചാരിറ്റി ഇന്റർനാഷനലിന്റെ (എസ്‌സിഐ) ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിച്ച് അഡ്മിനിസ്ട്രേറ്റീവ് ഉത്തരവ് പുറത്തിറക്കി. പുതിയ ഉത്തരവ് പ്രകാരം ഷെയ്ഖ് സഖർ ബിൻ മുഹമ്മദ് ബിൻ ഖാലിദ് അൽ ഖാസിമി ചെയർമാനായും ഡോ.യാക്കൂബ് അലി സയീദ് ഖലഫ് അൽ നഖ്ബി, ഡോ. സയീദ് മുസാബ അൽ കഅബി, സയീദ് ഗാനം മാതർ അൽ സുവൈദി, മുഹമ്മദ് റാഷിദ് ബയാത് എന്നിവർ അംഗങ്ങളായും എസ്‌സിഐ ഡയറക്ടർ ബോർഡ് രൂപീകരിച്ചു.ബോർഡ് അംഗങ്ങൾ ആദ്യ യോഗത്തിൽ അഡ്മിനിസ്ട്രേറ്റീവ് ചുമതലകൾ വിതരണം ചെയ്യുമെന്നും സമവായത്തിലൂടെയോ നേരിട്ടുള്ള രഹസ്യബാലറ്റിലൂടെയോ വൈസ് ചെയർമാനെ തിരഞ്ഞെടുക്കുമെന്നും ഉത്തരവിൽ പറയുന്നു. ബോർഡ് അംഗത്വത്തിന്റെ കാലാവധി നാല് വർഷമായിരിക്കും. ഇത് ഒന്നോ അതിലധികമോ തവണ പുതുക്കാവുന്നതാണ്. ഈ തീരുമാനം പുറപ്പെടുവിക്കുന്ന തീയതി മുതൽ ഇത് പ്രാബല്യത്തിൽ വരും. നിലവിലുള്ള ബോർഡിന്റെ കാലാവധി അവസാനിച്ചാലും പുതിയ ബോർഡ് രൂപീകരിക്കുന്നത് വരെയോ നിലവിലുള്ള ബോർഡ് പുനഃസംഘടിപ്പിക്കുന്നത് വരെയോ അതിന്റെ ചുമതലകൾ തുടർന്നും നിർവഹിക്കും.