അബൂദബി: യു.എ.ഇയുടെ മാനുഷിക സംരംഭമായ ഓപറേഷൻ ഷിവൽറസ് നൈറ്റ്-3 ഭാഗമായുള്ള യു.എ.ഇയുടെ എട്ടാമത്തെ സഹായ കപ്പൽ ഖലീഫ തുറമുഖത്ത് നിന്ന് പുറപ്പെട്ടു. കഴിഞ്ഞ ദിവസം കപ്പലിൽ സാധനങ്ങൾ കയറ്റിക്കൊണ്ടിരുന്നത് പൂർത്തിയായതിനെ തുടർന്നായിരുന്നു പ്രയാണമാരംഭിച്ചത്.
ഈജിപ്തിലെ അൽ അരിഷ് തുറമുഖത്തേയ്ക്കാണ് കപ്പൽ എത്തുക. ഗസ്സ മുനമ്പിൽ വിതരണം ചെയ്യുന്നതിനായി റെഡി-ടു-ഈറ്റ് ഫുഡ് പാഴ്‌സലുകൾ, വിവിധ തരം ഭക്ഷ്യവസ്തുക്കൾ എന്നിവയും, കമ്മ്യൂണിറ്റി കിച്ചണുകൾ, ഫീൽഡ് ബേക്കറികൾ എന്നിവ പ്രവർത്തിപ്പിക്കാനുള്ള സാധനങ്ങളും കൂടാതെ, ടെന്റുകൾ, ദുരിതാശ്വാസ കിറ്റുകൾ, വസ്ത്രങ്ങൾ, മെത്തകൾ, കുടുംബങ്ങൾക്കും കുട്ടികൾക്കുമുള്ള ശുചിത്വ കിറ്റുകൾ എന്നിവയുമുൾപ്പെടെയുള്ള ഷെൽട്ടർ സാമഗ്രികളും ഇതിൽ അടങ്ങിയിരിക്കുന്നു.
ഫലസ്തീൻ ജനതയെ പിന്തുണയ്ക്കുന്നതിനും ജീവകാരുണ്യ-മാനുഷിക സംഘടനകളുമായി സഹകരിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള യു.എ.ഇയുടെ തുടർ പ്രതിബദ്ധതയുടെ ഭാഗമാണീ സഹായം. ഫലസ്തീൻ സമൂഹത്തെ പിന്തുണച്ച് യു.എ.ഇ ആരംഭിച്ച മാനുഷിക സംരംഭങ്ങളുടെ പരമ്പരയിലുൾപ്പെടുന്നതാണ് ഓപറേഷൻ ഷിവൽറസ് നൈറ്റ്-3.യു.എ.ഇയുടെ മാനുഷിക തത്ത്വങ്ങളോടുള്ള ഉറച്ച പ്രതിബദ്ധത, ആവശ്യമുള്ളവർക്ക് സഹായം നൽകൽ, ജീവകാരുണ്യ-മാനുഷിക സംഘടനകളുമായി സഹകരിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾ വർധിപ്പിക്കൽ എന്നിവയും ഇത് എടുത്തു കാട്ടുന്നു.