ദുബായ്∙ ഈ വർഷം ജനുവരി മുതൽ ജൂൺ വരെ 32,000ത്തിലേറെ യുഎഇ വീസ നിയമലംഘകരെ പിടികൂടിയതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. രാജ്യത്തെ വിദേശികളുടെ താമസത്തിനും ജോലിക്കും വേണ്ടിയുള്ള നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നത് ഉറപ്പാക്കുന്നതിനുള്ള പരിശോധന ക്യാംപെയ്നുകളുടെ ഭാഗമായാണ് ഈ നടപടികൾ. പിടികൂടിയവരിൽ ചിലരെ നിയമനടപടികൾക്കായി അധികാരികൾക്ക് കൈമാറാൻ തടങ്കലിൽ വച്ചിട്ടുണ്ടെന്ന് ഐസിപി ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സയീദ് അൽ ഖൈലി പറഞ്ഞു. നിയമലംഘകരുടെ എണ്ണം കുറയ്ക്കാനും യുഎഇയിലെ താമസക്കാർക്കും സന്ദർശകർക്കും മാന്യമായ ജീവിതം ഉറപ്പാക്കാനുമാണ് ഈ പരിശോധനകൾ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ വർഷം സെപ്റ്റംബർ ഒന്ന് മുതൽ ഡിസംബർ 31 വരെ നാല് മാസത്തെ വീസ പൊതുമാപ്പ് പദ്ധതി യുഎഇ നടപ്പാക്കിയിരുന്നു. ഇത് ആദ്യം ഒക്ടോബർ 31ന് അവസാനിക്കാനിരുന്നതായിരുന്നുവെങ്കിലും നിയമലംഘകർക്ക് രാജ്യം വിടാനോ പുതിയ തൊഴിൽ കരാർ നേടി നിയമപരമായി രാജ്യത്ത് തുടരാനോ അവസരം നൽകിക്കൊണ്ട് 60 ദിവസത്തേക്ക് കൂടി പിന്നീട് നീട്ടി.പൊതുമാപ്പ് പദ്ധതിയിലൂടെ ഒട്ടേറെ വീസ നിയമലംഘകർ തങ്ങളുടെ നിലവിലെ സ്ഥിതി നിയമവിധേയമാക്കി. എങ്കിലും പൊതുമാപ്പ് പദ്ധതിക്ക് ശേഷം താമസ നിയമം ലംഘിച്ചവർക്ക് പിഴകൾ വീണ്ടും ഏർപ്പെടുത്തിയിട്ടുണ്ട്. അധികൃതർ പരിശോധനകൾ ശക്തമാക്കുമെന്നും മുന്നറിയിപ്പ് നൽകി. കാലാവധി കഴിഞ്ഞ വീസകളുള്ളവർ തൊഴിൽ ചൂഷണത്തിന് ഇരയാകാൻ സാധ്യതയുണ്ടെന്ന് നേരത്തെ അധികൃതരും പറഞ്ഞിരുന്നു. നിയമലംഘകരുടെ എണ്ണം കുറയ്ക്കുന്നതിനും നിയമപരമായി ജീവിക്കാനും ജോലി ചെയ്യാനുമുള്ള അവസരങ്ങൾ നൽകിക്കൊണ്ട് താമസക്കാർക്കും സന്ദർശകർക്കും മാന്യമായ ജീവിതം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് പരിശോധനാ ക്യാംപെയ്നുകൾ എന്ന് ‘സുരക്ഷിതമായ സമൂഹത്തിലേക്ക്’ എന്ന മുദ്രാവാക്യമുയർത്തി അൽ ഖൈലി ആവർത്തിച്ചു പറഞ്ഞു. നിയമപരമായ അനുസരണത്തിന്റെ സംസ്കാരം സമൂഹത്തിൽ വളർത്താനും നിയമലംഘകരെ ഇല്ലാതാക്കാനും അതുവഴി സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാനുമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിടികൂടിയ നിയമലംഘകരിൽ 70 ശതമാനം പേരെയും നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാടുകടത്തിയതായി അൽ ഖൈലി സ്ഥിരീകരിച്ചു. ചിലരെ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറാൻ തടങ്കലിൽ വച്ചിട്ടുണ്ട്.പരിശോധനകൾ ശക്തമാക്കുമെന്ന് ഐസിപി ആവർത്തിച്ച് മുന്നറിയിപ്പ് നൽകി.

നിയമലംഘകരെ പിടികൂടാൻ പ്രത്യേക ദൗത്യസേനകൾ പ്രവർത്തിക്കുന്നുണ്ട്. യുഎഇയുടെ പ്രവേശന, താമസ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെയും അവരെ സംരക്ഷിക്കുകയോ നിയമവിരുദ്ധമായി ജോലിക്ക് വയ്ക്കുകയോ ചെയ്യുന്നവർക്കെതിരെയും കർശന നിയമനടപടികൾ സ്വീകരിക്കും. നിയമലംഘകർക്കും അവരെ നിയമവിരുദ്ധമായി നിയമിക്കുന്നവർക്കും അല്ലെങ്കിൽ അഭയം നൽകുന്നവർക്കും കഠിനമായ പിഴകളുണ്ടെന്നും ചൂണ്ടിക്കാട്ടി. 2007 മുതൽ യുഎഇ നാല് പൊതുമാപ്പ് പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. 2018ലെ പൊതുമാപ്പ് 90 ദിവസത്തേക്ക് മാത്രമായിരുന്നെങ്കിലും പിന്നീട് രണ്ട് മാസത്തേക്ക് കൂടി നീട്ടിയിരുന്നു. കഴിഞ്ഞ വർഷം, കാലാവധി കഴിഞ്ഞ വീസകളുള്ളവർക്ക് യുഎഇയിലെ ഏതൊരു ഐസിപി സെന്ററുകൾ വഴിയും അംഗീകൃത ടൈപ്പിങ് സെന്ററുകൾ വഴിയും ഓൺലൈൻ മുഖേനയും പൊതുമാപ്പിനായി അപേക്ഷിക്കാൻ കഴിഞ്ഞിരുന്നു