ദുബായ് : ദുബായിലെ അൽ റുവയ്യ-3ൽ പുതിയ ഡ്രൈവർ പരിശീലന, ലൈസൻസിംഗ് കേന്ദ്രം ആരംഭിക്കാൻ ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) അംഗീകാരം നൽകി.ഫസ്റ്റ് ഡ്രൈവിംഗ് സെന്റർ നടത്തുന്ന ഈ പുതിയ സൗകര്യം മുഖേന അൽ റുവയ്യയയിലെയും പരിസര പ്രദേശങ്ങളിലെയും താമസക്കാർക്ക് സൗകര്യപ്രദവും ഉയർന്ന നിലവാരമുള്ളതുമായ സേവനങ്ങൾ നൽകുകയാണ് ലക്‌ഷ്യം.
ഇതോടെ, ദുബൈയിലുടനീളമുള്ള ആർ.ടി.എ അംഗീകൃത ഡ്രൈവിംഗ് ലൈസൻസിംഗ് കേന്ദ്രങ്ങളുടെ ആകെ എണ്ണം 28 ആയി ഉയർന്നു. ദുബൈ സർക്കാരിന്റെ തന്ത്രപരമായ കാഴ്ചപ്പാടിനനുസൃതമായി പൊതു സേവനങ്ങളുടെ കാര്യക്ഷമത, പ്രവേശന ക്ഷമത, ഉപയോക്തൃ സംതൃപ്തി എന്നിവ മെച്ചപ്പെടുത്താനുള്ള ആർ.ടി.എയുടെ പ്രതിബദ്ധത ഈ സംരംഭം പ്രതിഫലിപ്പിക്കുന്നുവെന്നും അധികൃതർ പറഞ്ഞു.
പ്രധാന സേവനങ്ങൾ
ട്രാഫിക് ഫയൽ രജിസ്ട്രേഷൻ, തിയറി-പ്രാക്ടിക്കൽ ഡ്രൈവിംഗ് പരിശീലനം, വൈജ്ഞാനിക പരിശോധനകൾ, മോട്ടോർ സൈക്കിളുകൾക്കും ലൈറ്റ് വാഹനങ്ങൾക്കും ലൈസൻസുകൾ നൽകൽ (മാനുവൽ, ഓട്ടോമാറ്റിക്) തുടങ്ങിയ പ്രധാന സേവനങ്ങൾ ഇവിടെ ലഭ്യമാണ്. തിയറി ക്ലാസുകളും ഈ കേന്ദ്രത്തിൽ നടക്കുന്നു. കൂടാതെ, സമീപ ഭാവിയിൽ ഹെവി വെഹിക്കിൾ, ബസ്, മെക്കാനിക്കൽ ഉപകരണ ലൈസൻസിംഗ് എന്നിവ ഉൾപ്പെടുത്തി ഓഫറുകൾ വിപുലീകരിക്കാനും ആർ.ടി.എ ഒരുങ്ങുകയാണ്.
ആധുനിക മാനദണ്ഡങ്ങൾ
ഫസ്റ്റ് ഡ്രൈവിംഗ് സെന്ററുമായി അടുത്ത ഏകോപനത്തിൽ വികസിപ്പിച്ചെടുത്ത പുതിയ സൗകര്യം രൂപകൽപനയിലും പ്രവർത്തനത്തിലും ആധുനിക മാനദണ്ഡങ്ങൾ പാലിക്കാനായുള്ളതാണ്. എമിറേറ്റിലുടനീളമുള്ള ഡ്രൈവർ പരിശീലന സൗകര്യങ്ങൾക്കായുള്ള പരിധി ഉയർത്തുക എന്നതാണ് ഇതിന്റെ പുതുക്കിയ ഐഡന്റിറ്റിയും നവീകരിച്ച സൗകര്യങ്ങളും കൊണ്ടുദ്ദേശിച്ചിരിക്കുന്നത്.
പ്രവർത്തന സമയം താഴെ പറയും പ്രകാരം:
തിങ്കൾ മുതൽ വ്യാഴം വരെ -രാവിലെ 7 മുതൽ രാത്രി 8 വരെ.
വെള്ളി -രാവിലെ 7 മുതൽ ഉച്ച 12.30; ഉച്ച തിരിഞ്ഞ് 2 മുതൽ രാത്രി 8 വരെ.
ശനി -രാവിലെ 7 മുതൽ രാത്രി 8 വരെ.