ദുബായ്: കേരളത്തിന്റെ മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി.എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ യുഎഇയിലെ ഇന്ത്യന്‍ മാധ്യമകൂട്ടായ്മ അനുശോചിച്ചു.

2025 ലും എളുപ്പത്തില്‍ വായിച്ച് മനസ്സിലാക്കാവുന്ന ഒരു പുസ്തകമല്ല വി.എസ് എന്നും അതൊരു നൂറ്റാണ്ടിന്റെ തളരാത്ത, ഒത്തുതീര്‍പ്പാകാത്ത പോരാട്ട സൂര്യനാണെന്നും മാധ്യമപ്രവര്‍ത്തകര്‍ അനുസ്മരിച്ചു. സാധാരണക്കാരന് വേണ്ടി പോരാടിയ വി.എസിന്റെ ജീവിതം അവസാനിക്കുമ്പോള്‍ നമ്മള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ വന്നുചേരുകയാണ്. അടിസ്ഥാന ജന വിഭാഗത്തിന്റെ നാവായി നമ്മളെന്നും ഉണ്ടാകണമെന്നും പൊതുമുതല്‍ കട്ട് മുടിക്കുന്നവര്‍ക്കെതിരെ, സ്ത്രീ പീഡകര്‍ക്കെതിരെ, പരിസ്ഥിതിക്ക് നാശം വരുത്തുന്നവര്‍ക്കെതിരെ, അങ്ങനെ അനീതി അര്‍ബുദമായി പടരുന്ന ഇടങ്ങളിലെല്ലാം വാര്‍ത്തകളിലൂടെ പ്രതിരോധം തീര്‍ക്കാന്‍ നമ്മള്‍ ഉണ്ടാകണമെന്നും അനുശോചന പ്രമേയത്തിലൂടെ ഓർമ്മിച്ചു.

.ഖിസൈസ് കാലികറ്റ് നോട്ട്ബുക്കില്‍ വെച്ചുനടന്ന അനുസ്മരണയോഗത്തില്‍ വനിതാ വിനോദ് അനുശോചനപ്രമേയം അവതരിപ്പിച്ചു. എം.സി.എ നാസര്‍, ടി.ജമാലുദ്ദീന്‍, ഭാസ്‌കര്‍രാജ്, ജലീല്‍ പട്ടാമ്പി, ഷിനോജ് ഷംസുദ്ദീന്‍, സഹല്‍, പ്രമദ് ബി കുട്ടി, സാലിഹ് കോട്ടപ്പള്ളി, തൻവീർ, ശ്രീരാജ് കൈമൾ, അനൂപ് കീച്ചേരി, ഷിൻസ് സെബാസ്റ്റ്യൻ, ജസിത സഞ്ജിത് , ജോബി വാഴപ്പള്ളി, അഞ്ജു ശശീധരൻ, ഹനീഫ, ജെറിൻ, യുസഫ് അലി തുടങ്ങിയവര്‍ സംസാരിച്ചു. റോയ് റാഫേല്‍ സ്വാഗതവും യാസിര്‍ അറാഫത്ത് നന്ദിയും പറഞ്ഞു.
