ദുബായ് : ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ അബൂദബി ദിശയിൽ സഞ്ചരിച്ചു കൊണ്ടിരുന്ന വാഹനത്തിന്റെ ക്രൂസ് കൺട്രോൾ തകരാറിലായതിനെ തുടർന്ന് ദുബൈ പൊലിസ് പട്രോളിംഗ് ടീം ഡ്രൈവറെ രക്ഷപ്പെടുത്തി. വിവരമറിഞ്ഞ് മിനുട്ടുകൾക്കുള്ളിൽ വേഗത്തിലും പ്രൊഫഷണലുമായ നീക്കത്തിലാണ് പൊലിസ് സംഘം സന്ദർഭത്തിനൊത്തുയർന്ന് രക്ഷാ ദൗത്യം നടത്തിയത്. ഡ്രൈവർക്ക് പുറമെ മറ്റ് റോഡ് ഉപയോക്താക്കളെയും ഗുരുതര അപകടത്തിൽ നിന്നാണ് പൊലിസ് രക്ഷിച്ചതെന്നും ദുബൈ പൊലിസിലെ ജനറൽ ട്രാഫിക് ഡിപാർട്മെന്റ് ആക്ടിംഗ് ഡയരക്ടർ ബ്രിഗേഡിയർ ജുമാ സാലം ബിൻ സുവൈദാൻ പറഞ്ഞു.ട്രാഫിക് പട്രോളിംഗ് ടീം ഉടൻ സ്ഥലത്തേക്ക് കുതിച്ചെത്തി ക്രൂസ് കൺട്രോൾ തകരാറിലായ വാഹനം കണ്ടെത്തി, മുന്നിലും പിറകിലും സുരക്ഷിത ഇടനാഴി സ്ഥാപിച്ച്, സാധ്യമായ കൂട്ടിയിടികൾ തടയാൻ മറ്റ് വാഹനങ്ങൾ മാറ്റിയെന്ന് ബിൻ സുവൈദൻ ചൂണ്ടിക്കാട്ടി. “ഫലപ്രദമായ ഏകോപനത്തിന് നന്ദി. പരുക്കുകളോ കേടുപാടുകളോ ഇല്ലാതെ വാഹനം റോഡിന്റെ അരികിലേക്ക് സുരക്ഷിതമായി മാറ്റാൻ പട്രോളിംഗ് ടീമിന് കഴിഞ്ഞു” -അദ്ദേഹം പറഞ്ഞു.ഓപറേഷൻസ് റൂമും ഫീൽഡ് പട്രോളിംഗും തമ്മിലുള്ള ദ്രുത പ്രതികരണവും സഹകരണവും സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ നിർണായകമാണെന്ന് ബിൻ സുവൈദാൻ വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ട്രാഫിക് ടീമുകളുടെ കാര്യക്ഷമതയേയും പ്രൊഫഷണലിസത്തെയും അദ്ദേഹം അഭിനന്ദിച്ചു.

ക്രൂസ് കൺട്രോൾ തകരാറിലായാൽ എങ്ങനെ പ്രവർത്തിക്കണം?
ക്രൂസ് കൺട്രോൾ തകരാർ നേരിട്ടാൽ ഡ്രൈവർമാർ ശാന്തരായി, പരിഭ്രാന്തി കാട്ടാതെ സമചിത്തത പാലിക്കുക. സീറ്റ് ബെൽറ്റ് ഉറപ്പിച്ച്, ഹസാർഡ് ലൈറ്റുകളും ഹെഡ് ലൈറ്റുകളും ഓൺ ചെയ്ത്, ദുബൈ പൊലിസ് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിലെ എമർജൻസി നമ്പറിൽ (999) ഉടൻ ബന്ധപ്പെടുക.
ട്രാൻസ്മിഷൻ ന്യൂട്രലിN)ലേക്ക് മാറ്റാനും, എഞ്ചിൻ ഓഫ് ചെയ്യാനും, ഉടൻ തന്നെ റീസ്റ്റാർട്ട് ചെയ്യാനും അദ്ദേഹം ഡ്രൈവർമാരോട് നിർദേശിച്ചു. ഇങ്ങനെ ചെയ്തിട്ടും പരിഹാരമായില്ലെങ്കിൽ, വാഹനം പൂർണമായും നിൽക്കുന്നത് വരെ ഡ്രൈവർ ബ്രേക്കുകളിൽ ശക്തമായി ചവിട്ടിക്കൊണ്ടിരിക്കണം. അത് പരാജയപ്പെട്ടാൽ, സ്റ്റിയറിംഗ് വീലിൽ പിടി വിടാതെ ക്രമേണ ഹാൻഡ്ബ്രേക് വിടണം. എന്നിട്ടും പരാജയപ്പെടുകയാണെങ്കിൽ, നിയന്ത്രണം വീണ്ടെടുക്കാൻ ഡ്രൈവർ ന്യൂട്രലി(N)നും ഡ്രൈവി(D)നുമിടയിൽ ട്രാൻസ്മിഷൻ മാറി മാറി മാറ്റണം. ട്രാഫിക് പട്രോളിംഗ് ടീം എത്തുന്നതിന് മുൻപ് ഈ രീതികളിൽ ഏതെങ്കിലും പ്രവർത്തിക്കുന്നുണ്ടെങ്കിൽ, ഡ്രൈവർ സുരക്ഷിതമായി വാഹനം റോഡിൽ നിന്ന് മാറ്റണം.
വാഹനം പതിവായി പരിശോധിക്കണം
എല്ലാ ഡ്രൈവർമാരോടും പതിവായി വാഹന പരിശോധനകൾ നടത്താനും; ബ്രേക്കുകൾ, ക്രൂസ് കൺട്രോൾ തുടങ്ങിയ നിർണായക സംവിധാനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ട്രാഫിക് പൊലിസ് ആക്ടിംഗ് ഡയരക്ടർ അഭ്യർത്ഥിച്ചു. അപകടകരമായ തകരാറുകൾ തടയാൻ അവബോധവും പ്രതിരോധ നടപടികളും അനിവാര്യമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഡ്രൈവർമാരുടെയും റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ആരംഭിക്കുന്നത് അവബോധത്തോടെയും അടിയന്തര സാഹചര്യങ്ങളിൽ എങ്ങനെ പ്രതികരിക്കണമെന്നതിനെക്കുറിച്ചുള്ള വ്യക്തമായ ധാരണയോടെയുമാണെന്ന് ബിൻ സുവൈദൻ എടുത്തു പറഞ്ഞു.
നിർണായക നിമിഷത്തിൽ ശരിയായ തീരുമാനം എടുക്കുന്നത് ഗുരുതര അപകട സാധ്യതകളെ ഗണ്യമായി കുറയ്ക്കുമെന്നും അദ്ദേഹം നിരീക്ഷിച്ചു.